District News
പറപ്പൂക്കര: പ്രസിദ്ധമായ വിശുദ്ധ ജോണ്‍ നെപുംസ്യാന്‍ ഫൊറോന തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ ലോനമുത്തപ്പന്റെ തിരുനാളിന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൊടിയേറ്റി. ഒല്ലൂരിലെ വിശുദ്ധ എവുപ്രാസ്യമ്മയുടെ തീര്ഥകേന്ദ്രത്തില്നിന്ന് കൊണ്ടുവന്ന ദീപം, പള്ളിക്കുമുന്പിലെ കല്‍വിളക്കിലേക്ക് പകര്ന്നതിനുശേഷമായിരുന്നു തിരുക്കര്‍മങ്ങള്‍.
ഫൊറോന വികാരി ഫാ. റാഫേല്‍ പഞ്ഞിക്കാരന്‍, സഹവികാരി ഫാ. വിനോയ് തെറ്റയില്‍, ഫാ. ഫ്രാന്‍സിസ് കാവില്‍, ട്രസ്റ്റിമാരായ റെജിന്‍ പാലത്തിങ്കല്‍, ആന്റോ പുല്ലോക്കാരന്‍, സിജോ പൊന്തോക്കന്, ആഘോഷ കമ്മിറ്റി സെക്രട്ടറി ജോണ്‍ ചിറയത്ത് എന്നിവര്‍ നേതൃത്വം നല്കി. 15, 16 തീയതികളാണ് തിരുനാള്‍.
District News
കൊറ്റംകുളം: പെരിഞ്ഞനത്ത് വീടിനോടുചേർന്ന അടുക്കളപ്പുരയിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. പെരിഞ്ഞനം പോസ്റ്റ് ഓഫീസിനു പടിഞ്ഞാറുഭാഗത്തുള്ള കുറ്റിക്കാടൻ ജോർജിന്റെ വീട്ടിൽ ഇന്നലെ വൈകീട്ട് നാലോടെയാണു സംഭവം. ചാലക്കുടി ഫോറസ്റ്റ് ആർആർടി അംഗം കൂളിമുട്ടം അൻസാരി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.
പാമ്പിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറുമെന്നു അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മതിലകം കൂളിമുട്ടം എമ്മാട് കാട്ടുപറമ്പിൽ സിദ്ധിഖിന്റെ വീടിന്റെ അടുക്കളയിൽനിന്നും അഞ്ചടിയോളം നീളമുള്ള മൂർഖനെ പിടികൂടിയിരുന്നു.
District News
കയ്പമംഗലം: ദേശീയപാത കരാർ കമ്പനിയുടെ നിയമലംഘനം വീണ്ടുമെന്നു നാട്ടുകാരുടെ ആരോപണം; സർവീസ് റോഡിൽ അനധികൃതമായി കുഴിച്ചെടുത്ത് മണ്ണു കടത്തുന്നതു ജനപ്രതിനിധികളും പ്രദേശവാസികളും ചേർന്നു തടഞ്ഞു.
മതിലകം പഞ്ചായത്തിലെ പൂവ്വത്തുംകടവ് വാർഡിൽ മതിൽമൂല പ്രദേശത്തു നാഷണൽ ഹൈവേയുടെ സർവീസ് റോഡിൽനിന്നാണ് അനധികൃതമായി കുഴിച്ചെടുത്തു നിർമാണക്കമ്പനി മണ്ണു കടത്തിയത്. സംഭവം ആദ്യം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വാർഡ് മെമ്പർ സുനിൽ പി. മേനോനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരെത്തി നിർമാണക്കമ്പനി വാഹനങ്ങൾ തടഞ്ഞു. സംഭവമറിഞ്ഞ് മതിലകം പഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരനും എത്തി.
റോഡിൽനിന്നു കുഴിച്ചെടുത്തു കൊണ്ടുപോയ മണ്ണ് തിരിച്ചിടാതെ സമരം അവസാനിപ്പിക്കില്ലെന്നു ജനപ്രതിനിധികൾ കർശനനിലപാട് സ്വീകരിച്ചു. മലപ്പുറം ജില്ലയിൽ കൂരിയാട് പാലം ഇടിഞ്ഞതുപോലെ, ഈ മണ്ണെടുക്കൽ മതിൽമൂലയിലെ എസ്യുപി പരിസരത്തെ പാലം ഇടിയുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുമെന്നു പ്രതിഷേധക്കാർ പറഞ്ഞു.
ദേശീയപാതനിർമാണത്തിന്റെ ചുമതലയുള്ള ശിവാലയ കരാർ കമ്പനി അധികൃതരും മതിലകം എസ്ഐ അജയ് എസ്. മേനോന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി. സമരം ശക്തമായതോടെ, കൊണ്ടുപോയ മണ്ണ് തിരിച്ചുകൊണ്ടുവന്ന് ഇടാമെന്ന കമ്പനി ഉദ്യോഗസ്ഥരുടെ ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയായിരുന്നു.
ഇതേസമയം, സർവീസ് റോഡിൽ നേരത്തേ മണ്ണ് ഇട്ടിരുന്നതായും അതു നിർമാണപ്രവൃത്തികൾക്കായി മെഷീൻ ഉപയോഗിച്ച് തിരിച്ചെടുത്തപ്പോൾ തറനിരപ്പിൽനിന്നു കൂടുതലായി താഴ്ന്നുപോയതാണെന്നും ഇതരസംസ്ഥാനതൊഴിലാളികൾക്കു തെറ്റു സംഭവിച്ചതാണെന്നും കരാർ കമ്പനി അധികൃതർ അറിയിച്ചു. എടുത്ത മണ്ണ് ഉൾപ്പെടെ അഞ്ചു ലോഡ് മണ്ണ് കൊണ്ടുവന്നു റോഡിൽ ഇടുകയും മെഷീൻ ഉപയോഗിച്ച് നിരപ്പാക്കി ഗതാഗതത്തിനു അനുയോജ്യമാക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
District News
കൊടുങ്ങല്ലൂർ: കേരളത്തിൽ മുഖ്യമന്ത്രി ചർച്ച ശക്തമായിരിക്കെ കൊടുങ്ങല്ലൂരിലും വി.ഡി. സതീശൻ അനുകൂല പ്രകടനം. യുഡിഎഫിനെ വിജയത്തിലേക്ക് നയിച്ച വി.ഡി സതീശൻ തന്നെ ആകണം കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് ആവശ്യപ്പെട്ട് മുദ്രവാക്യം വിളിയുമായി നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ കൂറ്റൻ പ്രകടനം നടത്തി. "പട നയിച്ചവർ നാടു ഭരിക്കട്ടെ; ജനഹിതം അട്ടിമറിക്കരുത്'എന്ന് എഴുതിയ ബാനറിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ അണിനിരന്നു.
വടക്കേനടയിൽ നിന്നും ആരംഭിച്ച പ്രകടനം നഗരംചുറ്റി വടക്കേനടയിൽത്തന്നെ സമാപിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട മെസേജിനെ തുടർന്നാണ് പ്രവർത്തകർ വി.ഡി. സതീശന് പിന്തുണയുമായി പ്രകടനത്തിന് നഗരത്തിൽ എത്തിയതെന്ന് പ്രവർത്തകർ പറഞ്ഞു. എറിയാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇ.കെ. സോമൻ മാസ്റ്റർ, കൊടുങ്ങല്ലൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. പി. സുനിൽകുമാർ, വി.എം. ഷൈൻ, ഇസാബിൻ അബ്ദുൾ കരീം, അയൂബ് കരുപ്പടന്ന തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.
District News
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊരട്ടിയിൽ നിർമിച്ചുകൊണ്ടിരിക്കുന്ന മേൽപ്പാലത്തിന്റെ തൂൺ നിർമാണത്തിനിടെ ഇരുമ്പുഷീറ്റ് തെന്നിമാറി കോൺക്രീറ്റ് മിശ്രിതം പുറത്തേക്ക് ഒഴുകിയതായി പരാതി. കൊരട്ടി ജംഗ്ഷനിൽ ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. തൂൺ നിർമാണത്തിനായി കെട്ടിപ്പൊക്കിയ ഇരുമ്പുകമ്പികൾക്കു ചുറ്റും സ്ഥാപിച്ചിരുന്ന ഇരുമ്പ് ഷീറ്റുകൾ വഴുതിമാറിയതോടെയാണ് ഉള്ളിലേ ക്കു നിറച്ചുകൊണ്ടിരുന്ന കോൺക്രീറ്റ് മിശ്രിതം പുറത്തേക്ക് ഒഴുകിയത്. സംഭവം ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ ക്ഷണനേരംകൊണ്ട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് പുറത്തേക്കൊഴുകിയ കോൺക്രീറ്റ് മിശ്രിതം മൂടിയതായും നാട്ടുകാർ ആരോപിച്ചു.
പാലത്തിന്റെ തൂണുകൾ നിർമിക്കുന്നതിനായി റെഡിമിക്സ് കോൺക്രീറ്റ് വാഹനങ്ങളിൽ എത്തിച്ച ശേഷം ജെസിബിയുടെ ബക്കറ്റിലേക്കൊഴിച്ച് ഉയർത്തിയാണു തൂണിനുള്ളിലേക്ക് നിറച്ചിരുന്നത്. പിന്നീട് വൈബ്രേറ്റർ ഉപയോഗിച്ച് കോൺക്രീറ്റ് ഉറപ്പിക്കുന്നതിനിടെയായിരുന്നു ഷീറ്റ് തെന്നി മാറിയത്. കോൺക്രീറ്റ് പമ്പിംഗ് മെഷീൻ ഉപയോഗിക്കേണ്ട സ്ഥലത്ത് ജെസിബി ബക്കറ്റ് ഉപയോഗിച്ച താണ് അപകടസാധ്യത വർധിപ്പിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ദേശീയപാത മേൽപ്പാല നിർമാണം പോലുള്ള പ്രധാന പദ്ധതികളിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകളോ എൻജിനീയർമാരുടെയും സൂപ്പർവൈസർമാരുടെയും സ്ഥിരസാന്നിധ്യമോ ഇല്ലാതെയാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഭാവിയിൽ ടൺ കണക്കിന് ഭാരമുള്ള വാഹനങ്ങൾ സഞ്ചരിക്കേണ്ട പാലത്തിന്റെ തൂണു കളുടെ നിർമാണത്തിലെ അശ്രദ്ധ ആശങ്ക വർധിപ്പിക്കുകയാണ്.
ഇതിനുമുമ്പും നിർമാണ സ്ഥലത്ത് അപകടസാധ്യതയുള്ള സംഭവം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാർച്ച് എട്ടിന് മേൽപ്പാല തൂൺ നിർമാണത്തിനായി കെട്ടിപ്പൊക്കിയിരുന്ന വലിയ ഇരുമ്പുകമ്പിക്കൂട് ഉഗ്രശബ്ദത്തോടെ നിലംപൊത്തിയിരുന്നു. അന്ന് തൊ ഴിലാളികൾ സമീപത്തില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായിരുന്നു.
District News
ഇരിങ്ങാലക്കുട: കൂട്ടായ്മകളും ഒത്തുകൂടലുകളുമാണ് ഇരിങ്ങാലക്കുടയുടെ സാഹോദര്യവും സൗഹാര്‍ദവും മതമൈത്രിയും നിലനിര്‍ത്തുന്നതെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍.
കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ദേവസ്വം ചെയര്‍മാനെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്. നാടിന്റെ വികസനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പരസ്പരം കൈകോര്‍ത്തു നില്‍ക്കുന്നത് ഈ നാടിന്റെ തനിമയാണ് തെളിയിക്കുന്നത്. മതസൗഹാര്‍ദ കൂട്ടായ്മയില്‍ ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട സെന്റ്് തോമസ് കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, ടൗണ്‍ ജുമാ മസ്ജിദ് ഇമാം കബീര്‍ മൗലവി എന്നിവര്‍ സന്ദേശങ്ങള്‍ നല്കി.
ബിഷപ്സ് സെക്രട്ടറി ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഐസിഎല്‍ ഫിന്‍കോര്‍പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍, നഗരസഭ പ്രതിപക്ഷനേതാവ് പി.വി. ശിവകുമാര്‍, വ്യാപാരി വ്യവസായി ഏകോപനസമതി പ്രസിഡന്റ്് ഷാജു പാറേക്കാടന്‍, രൂപത മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി, പ്രസ് ക്ലബ് പ്രസിഡന്റ്് ഷോബി കെ. പോള്‍, നിസാര്‍ അഷറഫ്, കൂടല്‍മാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ.ജി. അജയകുമാര്‍, രാഘവന് മുളങ്ങാടന്‍, വി.സി. പ്രഭാകരന്, കെ. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.
District News
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി രണ്ടാം ഉത്സവനാള്‍ മുതല്‍ വലിയവിളക്കു വരെ അവതരിപ്പിക്കുന്ന കഥകളിയില്‍ അപൂര്‍വമായ ഭക്തിയും ആസ്വാദനവും നല്കുന്ന കഥയാണ് വലിയവിളക്കുനാളിലെ ശ്രീരാമപട്ടാഭിഷേകം കഥകളി. കൂടല്‍മാണിക്യം ഉത്സവവുമായി ബന്ധപ്പെട്ട് നൂറിലേറെ വര്‍ഷത്തെ പഴക്കമുണ്ട് പട്ടാഭിഷേകം കഥകളിക്ക്.
കൂടല്‍മാണിക്യം ക്ഷേത്ര പ്രതിഷ്ഠ യുമായി ബന്ധപ്പെട്ട് രാമായണ കഥാസന്ദര്‍ഭം ആട്ടക്കഥയാക്കിയതാണിത്. വനവാസം കഴിഞ്ഞ് അയോധ്യയിലേയ്ക്ക് തിരിച്ചെത്തേണ്ട ശ്രീരാമാദികളെ കാണാഞ്ഞ് അഗ്നിപ്രവേശത്തിനൊരുങ്ങുന്ന ഭരതന്റെ അടുത്ത് ശ്രീരാമന്റെ ആഗമനവാര്‍ത്ത ഹനുമാന് അറിയിക്കുന്നതും ഭരതന് സന്തുഷ്ട നായി നില്ക്കുന്നതും ആണ് ഇതിവൃത്തം. അങ്ങനെ സന്തുഷ്ടചിത്തനായിരിക്കുന്ന ഭരതനാണ് കൂടല്‍മാണിക്യം സ്വാമി. ഹനുമാന്റെ രംഗപ്രവേശം വെളിവാക്കുന്ന ശ്രീകോവിലിന്റെ തെക്കുഭാഗത്തുള്ള തിടപ്പള്ളിയിലെ ഹനുമാന് സങ്കല്‍പ്പവും ഇതിനോടുചേര്‍ന്ന് പോകുന്നതാണ്.
രാവണനെ വധിച്ച് സീത അഗ്നിശുദ്ധി വരുത്തുന്ന സീതാരാമ സംഗമത്തോടെയാണ് കളി തുടങ്ങുക. തുടര്‍ന്ന് ശ്രീരാമന് ഭരതനു നല്കിയ വാക്ക് സീതാദേവിയെ ഓര്‍മിപ്പിക്കുകയും പുഷ്പകവിമാനം കൊണ്ടുവന്ന് ലക്ഷ്മണനേയും വിഭീഷണനേയും സുഗ്രീവനേയും ഹനുമാനേയും കൂട്ടി അയോധ്യയിലേയ്ക്ക് യാത്രയാകുന്നതും ഹനുമാനെ ഭരതസന്നിധിയിലേക്ക് അയക്കുന്നതുമായ രംഗമാണ് അവതരിപ്പിച്ചത്. അഗ്നിപ്രവേശനത്തിനൊരുങ്ങുന്ന ഭരതന്റെ അടുത്തേക്ക് അലങ്കരിച്ച തേരില്‍ ശ്രീരാമനും സീതയും ലക്ഷ്മണനും സുഗ്രീവനും എത്തിച്ചേരുകയും ശ്രീരാമന് ഭരതനെ ആലിംഗനം ചെയ്യുന്ന വികാരനിര്‍ഭരമായ രംഗവും അഭിനയിച്ചു.
തുടര്‍ന്ന് വാദ്യഘോഷങ്ങളുടെ രാജകീയ പ്രൗഢിയില്‍ സീതാ രാമ അനുചരന്മാര്ക്കൊപ്പം വന്നെത്തുകയും കലശകുടങ്ങളില്‍ നിറച്ച തീര്‍ഥജലം അഭിഷേകം ചെയ്യുകയും ചെയ്യും. ശ്രീരാമന്റെ പട്ടാഭിഷേകം മനംനിറയെ ദര്‍ശിച്ച് സാഫല്യമടയുവാനും നേദ്യം സ്വീകരിക്കുവാനും ഭക്തജനങ്ങള്‍ക്ക് ഈ കലാധരണത്തില്‍ സന്ദര്‍ഭമുണ്ട്. ഡോ. സദനം കൃഷ്ണന്‍കുട്ടി ശ്രീരാമനായും കലാനിലയം രാഘവന് ഭരതനായും കലാമണ്ഡലം വിജയകുമാര്‍ സീതയായും സര്‍വതോഭദ്രം നന്ദന ലക്ഷ്മണനായും സര്‍വതോഭദ്രം ഹരിക ശത്രുഘ്നനായും കലാനിലയം ഗോപി ഹനുമാനായും സര്‍വതോഭദ്രം ഭദ്ര ഗുഹനായും വേഷമിട്ടു. തൃപ്പയ്യ പിതാംബരന്, കലാമണ്ഡലം ഹരിദാസ്, സര്‍വതോഭദ്രം സൂര്യ ഗായത്രി എന്നിവരും വേഷമിട്ടിരുന്നു.
District News
വടക്കാഞ്ചേരി: സ്മൃതി സാംസ്കാരിക-പൈതൃക പഠനവേദിയുടെ നേതൃത്വത്തിൽ കവിയും ഗാനരചയിതാവുമായിരുന്ന യൂസഫലി കേച്ചേരി അനുസ്മരണവും അവാർഡുദാനവും ഞായറാഴ്ച സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽപറഞ്ഞു. അനുസ്മരണ സമ്മേളനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 4.30 ന് വടക്കാഞ്ചേരി വ്യാപാര ഭവൻ ഹാളിലാണ് ചടങ്ങ്. സ്മൃതി പ്രസിഡന്റ് ജോസഫ് പൂമല അധ്യക്ഷത വഹിക്കും. യൂസഫലി കേച്ചേരി സ്മൃതി പുരസ്കാരം 11111 രൂപയും, പ്രശസ്തി പത്രവും ഗാനരചയിതാവ് ഷിബു ചക്രവർത്തിക്ക് മുൻ നിയമസഭാംഗവും മുൻ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനുമായ ടി.വി.ചന്ദ്രമോഹൻ സമർപ്പിക്കും. നഗരസഭ ചെയർപേഴ്സൺ മിനി അരവിന്ദൻ വിശിഷ്ടാതിഥിയാകും.
മച്ചാട് ഗോവിന്ദൻകുട്ടിനായർ (കൊമ്പ് വാദ്യം), ഉണ്ണികൃഷ്ണൻ വിരുപ്പാക്ക (സാഹിത്യം), മണികണ്ഠൻ വടക്കാഞ്ചേരി (ഛായാഗ്രാഹകൻ), കലാമണ്ഡലം റോജ (നൃത്തം), തോമസ് പൂമല (നാടകനടൻ) എന്നീ അഞ്ച് സാംസ്കാരിക പ്രതിഭകളെ ആദരിക്കും. അന്ന് 3.30 മുതൽ യൂസഫലി കേച്ചേരി രചിച്ച ഗാനങ്ങളുടെ ആലാപനം ഉണ്ടായിരിക്കും.
പത്രസമ്മേളനത്തിൽ സ്മൃതി സാംസ്കാരിക പൈതൃക പഠന വേദി പ്രസിഡന്റ് ജോസഫ് പൂമല, സെക്രട്ടറി കെ.വി.മോഹൻദാസ് , ട്രഷറർ മോഹനൻ ആവണപ്പറമ്പ് എന്നിവർ പങ്കെടുത്തു.
District News
പട്ടിക്കാട്: ദേശീയപാതയോരത്ത് ചെമ്പൂത്രയിൽ മീൻ വണ്ടിയിൽ നിന്നു മലിനജലം തള്ളി. ഇന്നലെ വൈകീട്ടാണ് സംഭവം ഉണ്ടായത്. പാലക്കാട് ഭാഗത്തേക്ക് മീൻ കയറ്റി പോയിരുന്ന കണ്ടെയ്നർ ലോറിയിൽ നിന്നാണ് സർവീസ് റോഡിനോട് ചേർന്ന് മത്സ്യമാലിന്യം കലർന്ന വെള്ളം ഒഴുക്കിയത്. സംഭവം അറിഞ്ഞ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രദേശത്ത് ക്ലോറിനേഷൻ നടത്തി. പതിനായിരം രൂപ പിഴയും ഈടാക്കി.
ദേശീയപാതയിലൂടെ വാഹനം കടന്നു വരുമ്പോൾ കണ്ടെയ്നറിനുള്ളിൽ നിന്നു മലിനജലം ഒഴുകിയതിനെ തുടർന്ന് പ്രശ്നം പരിഹരിക്കാനാണ് വാഹനം സർവീസ് റോഡിനോട് ചേർന്നു നിർത്തിയതെന്നാണ് ഡ്രൈവർ പറയുന്നത്. എന്നാൽ ഇത്തരത്തിൽ ദേശീയപാതയോരത്ത് മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. സമാനമായ നിലയിൽ വഴുക്കുംപാറയിൽ നിന്നും വാഹനങ്ങൾ മുൻപും പിടികൂടിയിരുന്നു. പഞ്ചായത്ത് സെക്രട്ടറി ഡോ. ടി.എൻ. ബിന്ദു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ രജിത പ്രശാന്ത്, ഇ.എസ്. അഭിലാഷ്, പഞ്ചായത്ത് അംഗങ്ങളായ കൃഷ്ണേന്ദു പ്രശാന്ത്, അജു തോമസ്, പീച്ചി പോലീസ് തുടങ്ങിയവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
District News
വെള്ളാറ്റഞ്ഞൂർ: പരിശുദ്ധ ഫാത്തിമ മാത ദേവാലയത്തിൽ അശീതിവർഷമാഘോഷിച്ചു. അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനംചെയ്തു. വികാരി ഫാ. ജിയോ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. ജെയ്സൺ തെക്കുംപുറം മുഖ്യാതിഥിയായിരുന്നു.
പഞ്ചായത്ത് അംഗം ബിന്ദു നന്ദൻ, സിസ്റ്റർ ജെയ്ൻ മേരി, സിസ്റ്റർ മരിയ ലത, ട്രസ്റ്റി പി.എ. തോമസ്, ജോളി ലൂവിസ്, ഇ.എസ്. വിൽസൺ, ഫെമി എഡിസൺ, വി.സി. ഷിബു, എം.ടി. റോയ്, ജീന ജോൺസൺ, സി.എഫ്. ജോയ് എന്നിവർ പ്രസംഗിച്ചു.
ഇടവക ദിനം, കുടുംബ കൂട്ടായ്മ, ഭക്തസംഘടന, മത ബോധനം എന്നിവയുടെ വാർഷികവും ആഘോഷിച്ചു.
ദേശീയ, ജില്ലാ തലങ്ങളിൽ മികവ് തെളിയിച്ചവരെയും ഉന്നത വിദ്യാഭ്യാസം നേടിയവരെയും ഇടവകയിലെ 80 വയസിനു മുകളിലുള്ളവരെയും വിവാഹ രജത, സുവർണജൂബിലി ആഘോഷിക്കുന്നവരെയും ആദരിച്ചു. ജിംസി ഷാജു, പി.വി. വില്യം, സിസിലി രാജൻ, വി.ജി. പിയൂസ്, അവിന്റോ ഷാജു എന്നിവർ നേതൃത്വം നൽകി.
District News
കൈപ്പറമ്പ്: റോഡിൽനിന്ന് കളഞ്ഞുകിട്ടിയ ആറരപവന്റെ സ്വർണാഭരണങ്ങളടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചുനൽകി കൊണ്ട് പേരാമംഗലം ശ്രീദുർഗാവിലാസം സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥി എടക്കളത്തൂർ ആലാട്ട് വീട്ടിൽ എ.എ നവനീത് മാതൃകയായി.
എടക്കളത്തൂർ വടുക്കുമുറി കണ്ടംചിറ കുളത്തിന് സമീപത്തെ റോഡിൽ നിന്നാണ് പേഴ്സ് കിട്ടിയത്. ഇതിൽ സ്വർണമാലയും കമ്മലും അടക്കമുള്ള ആഭരണങ്ങൾ ഉണ്ടായിരുന്നു . മറ്റം ആളൂർ സ്വദേശിനി എടത്തറ വീട്ടിൽ ബിനു ദിലീപിന്റെ പേഴ്സാണ് മുണ്ടുരിൽ നിന്ന് ആളൂരിലെ വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ മടങ്ങുമ്പോൾ നഷ്ടപ്പെട്ടിരുന്നത്. പേഴ്സ് ലഭിച്ച ഉടൻ നവനീത് നാട്ടുകാരുടെ സഹായത്തോടെ പേരാമംഗലം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പോലീസ് ഉടമയെ കണ്ടെത്തി പേഴ്സ് തിരിച്ചേൽപ്പിച്ചു.
നവനീതിന് പേഴ്സിന്റെ ഉടമ പാരിതോഷികം നൽകി. ആ തുക നവനീത് എടക്കളത്തുർ കൃഷ്ണകുമാർ സഹായ നിധിയിലേക്ക് കൈമാറി. എടക്കളത്തൂർ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദനവും നടത്തി. തോളൂർ പഞ്ചായത്ത് അംഗങ്ങളായ ഷീല ശിവദാസൻ, ഇ. പി. ജോയ്, കൂട്ടായ്മ അംഗങ്ങളായ പി.വി. അജിതൻ, ടൈജോ എടക്കളത്തൂർ, കെ.വി. സുമേഷ്കുമാർ, എ.എസ്. മജേഷ് എന്നിവർ സംസാരിച്ചു.
District News
ഒല്ലൂർ: ദേശീയപാത മരത്താക്കര കുഞ്ഞനംപാറയിൽ കെഎസ് ആർടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു.
ചിറ്റിശേരി സ്വദേശിനി രേണുക, പൊന്നുക്കര സ്വദേശി രാജൻ തൃക്കൂർ സ്വദേശി ഋഷികൃഷ്ണ, മുവാറ്റുപുഴ സ്വദേശിനി ഷംന, അങ്കമാലി സ്വദേശി ടാറ്റി, അടിമാലി സ്വദേശി പരീദ്, അങ്കമാലി സ്വദേശിനി ഷംന, രോഹിൽ, സജീവ് കുമാർ,ഹണി, സണ്ണി, അജയകുമാർ എന്നിവരെ ഒല്ലൂർ ആക്ട്സ് പ്രവർത്തകർ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ രാവിലെയായിരുന്നു അപകടം. കുഞ്ഞനംപറ സിഗ്നൽ ജംഗഷനിൽ റോഡ് ക്രോസ് ചെയ്ത് കടക്കുകയായിരുന്ന സ്വകാര്യ ബസിൽ എറണാകുളത്തുനിന്ന് വന്ന കെഎസ്ആർടിസി ബസിടിക്കുകയായിരുന്നു.
District News
തൃശൂർ: അതിരൂപത കുടുംബകൂട്ടായ്മ സമുദായ സമാദരവ് സംഘടിപ്പിച്ചു. ക്രൈസ്തവസഭയ്ക്കും അതിരൂപതയ്ക്കുംവേണ്ടി സേവനംചെയ്ത 26 സമുദായനേതാക്കളെ ആദരിച്ച സമുദായ സമാദരവ് ചടങ്ങ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. പൊന്നാടയണിയിച്ചും മെമന്റോ നൽകിയുമാണ് ആദരിച്ചത്.
അതിരൂപത കുടുംബകൂട്ടായ്മ ഡയറക്ടർ ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി അധ്യക്ഷനായിരുന്നു. ജനറൽ കണ്‍വീനർ ജോർജ് അലക്സ്, ജനറൽ സെക്രട്ടറി എ.ഡി. ഷാജു, സി.ടി. ജോയ് എന്നിവർ പ്രസംഗിച്ചു. ക്രൈസ്തവ ആധ്യാത്മികരംഗം, ക്രൈസ്തവകലകൾ, സാഹിത്യരംഗം, സ്ത്രീശക്തീകരണം, ക്രൈസ്തവനേതൃത്വം തുടങ്ങിയ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് ആദരവ് നടത്തിയത്.
District News
അഞ്ചേരിയിൽ
ഒല്ലൂർ: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലും അഞ്ചേരിയിൽ പരക്കെനാശം. വിദ്യാനഗറിൽ തെങ്ങ് വീണ് കെഎസ്ഇബി ഹൈടെൻഷൻ ലൈനിന്റെ മൂന്ന് വൈദ്യുതി തൂണുകൾ വീണു. പാർവതി ലൈനിൽ മരം വീണ് വൈദ്യുതി പോസ്റ്റ് തകർന്നു.
കവിതാ റോഡിൽ മരം വീണ് ഗതാഗതം തടസപ്പട്ടു. കൗൺസിലർ പ്രവീണിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ച് നീക്കി. കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി.
വരന്തരപ്പിള്ളിയില്‍
വരന്തരപ്പിള്ളി: ശക്തമായ കാറ്റിലും മഴയിലും വരന്തരപ്പിള്ളി വടക്കുമുറിയില്‍ മാവിന്റെ കൊമ്പൊടിഞ്ഞുവീണ് വൈദ്യുതി പോസ്റ്റ് തകര്‍ന്നു. പോസ്റ്റും മരച്ചില്ലയും റോഡിലേക്ക് വീണതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ഇന്ന ലെ പുലര്‍ച്ചെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ മാവിന്റെ വലിയ ചില്ലയാണ് റോഡിലേക്ക് പതിച്ചത്. ഈ സമയത്ത് റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവായി.
കെഎസ്ഇബി വരന്തരപ്പിള്ളി സെക്ഷനില്‍ നിന്ന് ജീവനക്കാരെത്തി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. റോഡിലേക്ക് വീണ മരച്ചില്ല മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
District News
പാലക്കാട്: മഴക്കാലപൂർവ ശുചീകരണം കൂടുതൽ ഉൗർജിതമാക്കുമെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി. കാലവർഷ മുന്നൊരുക്ക നടപടികൾ വിലയിരുത്തുന്നതിനായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ, ആശുപത്രി, മറ്റ് കെട്ടിടങ്ങൾ എന്നിവയുടെ ഫിറ്റ്നസ് ഉറപ്പാക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.
റവന്യൂവകുപ്പിനാണ് ഏകോപനചുമതല. ദുരന്തസാധ്യത പ്രദേശങ്ങളുടെ പുതുക്കിയ പട്ടിക തയ്യാറാക്കണം. ക്യാന്പുകളുടെ പട്ടിക തയ്യാറാക്കി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. ജില്ലാ താലൂക്ക്തല കണ്ട്രോൾ റൂമുകൾ 24 മണിക്കൂർ പ്രവർത്തിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കാനും നിർദേശിച്ചു.
കൊതുകുകളുടെ ഉറവിട നിയന്ത്രണം ഉൾപ്പെടെയുള്ള നടപടികൾ വിവിധ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കണം. കുളങ്ങൾ വൃത്തിയാക്കുക, നീർച്ചാലുകളുടെ തടസങ്ങൾ നീക്കുക, തദ്ദേശ സ്ഥാപനതലത്തിൽ കണ്ട്രോൾ റൂം പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. പകർച്ചവ്യാധി തടയുന്നതിന് വിശദമായ മാർഗരേഖ ആരോഗ്യവകുപ്പ് തയ്യാറാക്കും. ആശുപത്രി കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കണം. മഴക്കാല രോഗങ്ങൾ നേരിടുന്നതിന് ആവശ്യമായ മരുന്നുകൾ ഉണ്ടെന്നും ക്യാന്പുകളിലെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കണം. ആന്റിവെനം ലഭ്യമായിട്ടുള്ള ആശുപത്രികളുടെ പട്ടിക തയ്യാറാക്കണം.
കാലപ്പഴക്കംമൂലം അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ ഫിറ്റ്നസ് ആവശ്യമെങ്കിൽ ആസ്തി രജിസ്റ്റർ പരിശോധിച്ച് സ്ഥലസന്ദർശനം നടത്തി ഉറപ്പാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. അപകടപരമായ വെള്ളക്കെട്ടുകൾ നീക്കം ചെയ്യുക, റോഡുകളിലെ കുഴികൾ സമയബന്ധിതമായി അടയ്ക്കുക, പാലങ്ങൾ മറ്റു കെട്ടിടങ്ങളുടെ ഘടനപരമായ ഓഡിറ്റ് നടത്തുക, അഴുക്കുചാലുകൾ വൃത്തിയാക്കൽ, അപകടമുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കൽ പ്രവർത്തനങ്ങൾക്കായും പൊതുമരാമത്ത്- ദേശീയപാത അഥോറിറ്റി അധികൃതരെ ചുമതലപ്പെടുത്തി.
പാതയോരങ്ങളിൽ അപകടകരമായി സ്ഥിതിചെയ്യുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും. കാലവർഷം കനത്താൽ അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ പോലീസ് നിരന്തര പട്രോളിംഗ് നടത്തും. ഹോംഗാർഡുകൾ, സിവിൽ ഡിഫൻസ് വോളന്റിയർമാർ, ആപ്തമിത്ര സേനാംഗങ്ങൾ, മറ്റു സന്നദ്ധസേന പ്രവർത്തകരുടെ വിവരശേഖരണവും മേൽനോട്ടവും അഗ്നിരക്ഷാസേന വകുപ്പ് നടത്തും.
മഴക്കാലത്ത് സജ്ജീകരിക്കുന്ന ക്യാന്പുകളിൽ കഴിയുന്ന കുട്ടികൾക്കും ഗർഭിണികൾക്കും പ്രത്യേകം പോഷകാഹാരം, വൈദ്യസഹായം എന്നിവ ഉറപ്പാക്കും. മാനസിക വെല്ലുവിളി നേരിടുന്നവരുടെയും ദുരന്തബാധിതരുടെ കുടുംബങ്ങൾക്കും ആവശ്യമായ സൈക്കോ സോഷ്യൽ കെയർ സാമൂഹിക നീതി ആരോഗ്യവകുപ്പിന്റെ സംയുക്താഭിമുഖ്യത്തിൽ നൽകും.
ജില്ലയിലെ പാറമടകളിലെ കുളങ്ങൾക്കു ചുറ്റും ഉറപ്പും ഉയരവും ഉള്ള വേലിയോ മതിലോ കെട്ടി സംരക്ഷിക്കുന്നതിന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിനെ നിയോഗിച്ചു. മഴ തുടർന്നാൽ മലയോരത്ത് മണ്ണ് വെട്ടി മാറ്റുക, ആഴത്തിലുള്ള കുളങ്ങളുടെ നിർമാണം എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും. വൈദ്യുതി വിതരണത്തിൽ തടസമുണ്ടാവാതിരിക്കാൻ കെഎസ്ഇബിയുടെ നേതൃത്വത്തിൽ ടാസ്ക്ഫോഴ്സ് രൂപീകരിക്കും.
സ്പിൽവേകൾ, അണക്കെട്ടുകൾ ബാരേജുകൾ എന്നിവയുടെ പ്രവർത്തനക്ഷമത ഇറിഗേഷൻ വകുപ്പ് ഉറപ്പാക്കും. നീർച്ചാലുകൾ, ഓടകൾ തടസരഹിതമാക്കുക, പുഴയോരത്തെ വീടുകൾക്ക് സംരക്ഷണം ഏർപ്പെടുത്തുന്നതിന് മണൽ നിറച്ച കയർ ചാക്ക്, ജിയോ ട്യൂബ് തുടങ്ങിയവ കരുതാൻ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് പ്രവർത്തനങ്ങൾ നടത്താനും നിർദേശം നൽകി.
സ്കൂളുകൾക്ക് സമീപമുള്ള കുളങ്ങൾക്ക് സുരക്ഷാഭിത്തി ഒരുക്കുകയും അപകടസൂചന ബോർഡുകൾ സ്ഥാപിക്കുന്നതിനും നിർദേശം നൽകി. സ്കൂൾ കെട്ടിടങ്ങൾക്കും സ്കൂൾ ബസുകൾക്കും വിദ്യാർഥികളെ കൊണ്ടുവരുന്ന സ്വകാര്യ വാഹനങ്ങൾക്കും ഫിറ്റ്നസ് ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസവകുപ്പ് നടപടി സ്വീകരിക്കണം.
മഴക്കാലത്ത് തടസമില്ലാത്ത ജലവിതരണവും ജലത്തിന്റെ ഗുണനിലവാരവും വാട്ടർ അഥോറിറ്റി ഉറപ്പാക്കും. ഓടകൾ, ഓവുകൾ, അഴുക്കുചാലുകൾ എന്നിവയിലൂടെ പൈപ്പ് ലൈനുകളിലേക്ക് മാലിന്യം കലരുന്നില്ലെന്നും ജലസംഭരണികൾ കഴുകി വൃത്തിയാക്കി ജലസുരക്ഷിതത്വവും ഉറപ്പാക്കും.
വനത്തിനുള്ളിൽ വസിക്കുന്ന തദ്ദേശീയർക്ക് ഭക്ഷ്യസാധനങ്ങൾ ഉറപ്പാക്കാനും ആവശ്യമെങ്കിൽ മാറ്റി താമസിപ്പിക്കാൻ ക്യാന്പുകൾ നടത്തുന്നതിന് കെട്ടിടങ്ങൾ ഉൗരുകളിലും മറ്റും കണ്ടെത്താനും നിർദേശം നൽകി. വനമേഖലയിലെ ദുരന്തസാഹചര്യം നിരന്തരം നിരീക്ഷിക്കും. ബണ്ട് തകർച്ച നേരിടുന്നതിന് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കും. രാസവളങ്ങൾ, കീടനാശിനികൾ തുടങ്ങിയവ മഴ ശക്തമാവുന്നതിനു മുന്നോടിയായി മാറ്റി സ്ഥാപിക്കാൻ നിർദേശം നൽകി.
ഫാക്ടറികളിലെ ദുരന്തസാധ്യത വിലയിരുത്താനും കാലവർഷം ശക്തമായാൽ വിനോദസഞ്ചാര മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നിയന്ത്രണം ഏർപ്പെടുത്താനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. പക്ഷിമൃഗാദികൾക്ക് പകർച്ചവ്യാധി പ്രതിരോധത്തിനായി ജില്ലാതല പദ്ധതി രൂപീകരിക്കുകയും ആവശ്യമെങ്കിൽ ക്യാന്പ് ആരംഭിക്കുന്നതിനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനും നിർദേശിച്ചു.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എഡിഎം കെ. സുനിൽകുമാർ, ആർആർ ഡെപ്യൂട്ടി കളക്ടർ എസ്.എസ്. അൽഫ, ജില്ലതല ഉദ്യോഗസ്ഥർ പങ്കെടുത്തു.
District News
തിരുവില്വാമല: ഒരാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പറക്കോട്ടുകാവിൽ ഞായറാഴ്ച പത്തരമാറ്റോടെ താലപ്പൊലി. വില്വമലയുടെ താഴ്വാരം താലപ്പൊലിയുടെ ആഘോഷക്കാഴ്ചകൾക്കായി കണ്ണും കാതും തുറന്നുകഴിഞ്ഞു. ദേശങ്ങളുടെ കൂട്ടിയെഴുന്നള്ളിപ്പ് ഹൃദയത്തോടു ചേർക്കാൻ നാടും നഗരവും കടന്ന് നിളയുടെ അക്കരെനിന്നും ഇക്കരെനിന്നും ആൾക്കൂട്ടം ഒഴുകിയെത്തും.
മധ്യകേരളത്തിലെ പൂരാഘോഷങ്ങൾക്കു പരിസമാപ്തി കുറിക്കുന്ന പറക്കോട്ടുകാവ് ഭഗവതിയുടെ താലപ്പൊലിയുടെ എല്ലാ ഒരുക്കങ്ങളും തിരുവില്വാമലയിൽ പൂർത്തിയായി. വിദേശങ്ങളിലടക്കം ദൂരസ്ഥലങ്ങളിൽനിന്നുള്ള തിരുവില്വാമലക്കാർ താലപ്പൊലിക്കായി സ്വന്തം തട്ടകത്തേക്കു തിരിച്ചെത്തിക്കഴിഞ്ഞു.
വെടിക്കെട്ടിന്റെ കാര്യത്തിൽ അനിശ്ചിതത്വം ബാക്കിയാണെങ്കിലും പടിഞ്ഞാറ്റുമുറി, പാമ്പാടി, കിഴക്കുമുറി ദേശങ്ങൾ ഒരുക്കുന്ന പഞ്ചവാദ്യത്തിന്റെയും കരിമരുന്നുപ്രയോഗത്തിന്റെയും മാസ്മരികത ആസ്വദിക്കാൻ എത്തുന്ന പതിനായിരങ്ങളെക്കൊണ്ട് വില്വമലയുടെ താഴ്വാരവും താലപ്പൊലി പാറയും നിറഞ്ഞുകവിയും.
വൈകീട്ട് മൂന്നു ദേശങ്ങളുടെയും മുഴുവൻ ആനകളും താലപ്പൊലിപ്പാറയിൽ അണിനിരന്ന് കൂട്ടിയെഴുന്നള്ളിപ്പും മേളവും കുടമാറ്റവും നടത്തുന്നതു കാണാൻ ജനസമുദ്രമായിരിക്കും. കുടമാറ്റം നടത്തിയശേഷം മൂന്ന് ആനകൾ കാവിലേക്ക് ഇറങ്ങും.
ഞായറാഴ്ച രാവിലെ വടക്കേ കൂട്ടാല ദേവീക്ഷേത്രത്തിൽനിന്നു പടിഞ്ഞാറ്റുമുറി ദേശത്തിന്റെ എഴുന്നള്ളിപ്പ് ആരംഭിക്കും. കിഴക്കുമുറി ദേശത്തിന്റെ എഴുന്നള്ളിപ്പ് മല്ലിച്ചിറ അയ്യപ്പൻകാവിൽനിന്നും പാമ്പാടി ദേശത്തിന്റെ എഴുന്നള്ളിപ്പ് പാന്പാടി മന്ദം ക്ഷേത്രത്തിൽനിന്നും തുടങ്ങും. പഞ്ചവാദ്യം, പൂതൻ, തിറ, വെള്ളാട്ട്, കരിവേഷം എന്നിവ അകമ്പടിയാകും.
District News
നല്ലേപ്പിള്ളി: ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലീനിംഗ് ഡ്രൈവ് നടത്തി. വാളറ ബണ്ടിത്തോട് പാലം മുതൽ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ വരെയും കമ്പിളിചുങ്കം ഭാഗം ഉൾപ്പെടുന്ന പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്ത്തല ഉദ്ഘാടനം ഇന്നലെ മാട്ടുമന്ത ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡന്റ് വി. ബിനു നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. അബുതാഹിർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഓമന, സെക്രട്ടറി വി. ബിന്ദു, പഞ്ചായത്ത്, ആരോഗ്യവകുപ്പ് ജീവനക്കാർ, വ്യാപാര വ്യവസായ ഏകോപന സമിതി അംഗങ്ങൾ, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേന അംഗങ്ങൾ, ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർഥികൾ എന്നിവരും പങ്കെടുത്തു.
District News
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഇന്നലെ രാത്രി നടന്ന പള്ളിവേട്ട ഭക്തിസാന്ദ്രമായി. നൂറുകണക്കിന് ഭക്തജനങ്ങളാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നത്. രാത്രി എട്ടരയോടെയായിരുന്നു ഭഗവാന്റെ പള്ളിവേട്ട.
എഴുന്നള്ളിപ്പിന് മുന്നോടിയായി നെറ്റിപ്പട്ടം ഇല്ലാത്ത ഗജവീരനെ മുന്നിലയച്ചു. തുടര്‍ന്ന് ആനപ്പുറത്ത് എഴുന്നള്ളിയ ഭഗവാന് കിഴക്കേ ഗോപുരകവാടം കടന്നതോടെ ആചാരത്തിന്റെ ഭാഗമായി പോലീസ് സേന റോയല്‍ സല്യൂട്ട് നല്കി. ചമയങ്ങളോ ചങ്ങലകളോ ഇല്ലാതെ മൂന്ന് ആനകളുടെ അകമ്പടിയോടെയാണ് ഭഗവാന് ആല്‍ത്തറയ്ക്കല്‍ എഴുന്നള്ളിയത്.
ആല്‍ത്തറയിലെത്തി ബലിതൂകിയശേഷം ഒരുക്കിവെച്ചിരുന്ന പന്നിക്കോലത്തില് പാരമ്പര്യ അവകാശികളായ മുളയത്ത് വീട്ടിലെ ഇപ്പോഴത്തെ കാരണവര്‍ നാരായണന്‍കുട്ടി നായരുടെ മകന് സത്യന് മുളയത്ത് അമ്പെയ്തു. അമ്പെയ്തശേഷം കൊറ്റായില്‍ തറവാട്ടിലെ പ്രതിനിധി രാമചന്ദ്രന് പന്നിയുടെ രൂപം തലയില്‍ വച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു.
പള്ളിവേട്ടയ്ക്കുശേഷം അഞ്ച് ആനകളെ അണിനിരത്തി പഞ്ചവാദ്യ അകമ്പടിയില്‍ ഭഗവാന് തിരിച്ചെഴുന്നള്ളി. തിരുവമ്പാടി ദേവസ്വം ചന്ദ്രശേഖരന് തിടമ്പേറ്റി. പഞ്ചവാദ്യത്തിന് ചെറുശേരി ശ്രീകുമാര്‍ പ്രമാണം വഹിച്ചു. കുട്ടംകുളത്തിന് സമീപം മദ്ദളം അവസാനിച്ചശേഷം ചെമ്പട വഹകൊട്ടി ആരംഭിച്ച പാണ്ടിമേളത്തിന് പെരുവനം പ്രകാശന്‍മാരാര്‍ നേതൃത്വം നല്കി. ക്ഷേത്രനടയ്ക്കല്‍ മേളം അവസാനിച്ച് തൃപുടകൊട്ടി ഭഗവാന് അകത്തേയ്ക്ക് പ്രവേശിച്ച് മറ്റു ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.
ഉത്സവത്തിന് സമാപനംകുറിച്ചുകൊണ്ടുള്ള ആറാട്ടിനായി ഭഗവാന് ഇന്ന് രാവിലെ എഴുന്നള്ളും. എട്ടോടെ മൂന്നാനകളുടെ അകമ്പടിയോടെയാണ് ഭഗവാന്റെ എഴുന്നള്ളിപ്പ്. വടകുറുമ്പക്കാവ് ദുര്‍ഗാദാസന്‍ തിടമ്പേറ്റും. ഉച്ചയ്ക്ക് ഒന്നിന് ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവിലാണ് പള്ളിനീരാട്ട്. വൈകീട്ട് 7.30ന് ഠാണാ ജംഗ്ഷനില്‍ പഞ്ചാരിമേളത്തോടെയും ആല്‍ത്തറയില്‍ പഞ്ചവാദ്യത്തോടെയും കുട്ടംകുളം ജംഗ്ഷനില്‍ പാണ്ടിമേളത്തോടെയും കൂടിയുള്ള സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയതിനുശേഷം ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നു. തുടര്‍ന്ന് കൊടിക്കല്‍പറ, കാണിക്ക.
പഞ്ചവാദ്യത്തിന് തൃപ്രയാര്‍ രമേശന് മാരാര്‍ പ്രമാണം വഹിക്കും. പാണ്ടിമേളത്തിന് പെരുവനം ശങ്കരനാരായണമാരാര്‍ പ്രമാണം വഹിക്കും. തുടര്‍ന്ന് ഭഗവാനെ അകത്തേയ്ക്ക് എഴുന്നള്ളിക്കുന്നോടെ ഈ വര്‍ഷത്തെ തിരുവുത്സവത്തിന് സമാപനം കുറിക്കും.
അവസാന ശീവേലിക്ക്
ആയിരങ്ങള്‍
ഇരിങ്ങാലക്കുട: മേടച്ചൂടില്‍ കത്തിജ്വലിച്ചുനില്‍ക്കുന്ന സൂര്യനെയും ഗജവീരന്മാരേയും ആനപ്പുറത്ത് എഴുന്നള്ളിനില്‍ക്കുന്ന സംഗമേശനെയും സാക്ഷിയാക്കി മേളപ്രാമാണികന്‍ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ തീര്‍ത്ത പഞ്ചാരിമേളം ആസ്വാദകര്‍ക്ക് സമ്മാനിച്ചത് നാദപ്രപഞ്ചത്തിന്റെ പുതിയ താളവട്ടം.
കൊടിപ്പുറത്ത് വിളക്കിന് തുടങ്ങുന്ന ആദ്യ എഴുന്നള്ളിപ്പ് മുതല്‍ പള്ളിവേട്ട ദിവസം രാവിലത്തെ ശീവേലിവരെ കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക് ആയിരങ്ങളെ ആകര്‍ഷിക്കുന്ന പ്രധാനകാഴ്ച കിഴക്ക്- പടിഞ്ഞാറ് നടപ്പുരകളില്‍ തീര്‍ക്കുന്ന പഞ്ചാരിമേളത്തിന്റെ നാദധാരയാണ്.
രാവിലെ 8.30ന് പുറത്തേക്ക് എഴുന്നള്ളിച്ച ഭഗവാന്റെ തിടമ്പ് പാറമേക്കാവ് കാശിനാഥന് ശിരസിലേറ്റി. കുലീപിനി തീര്ഥക്കരയിലൂടെ ചെമ്പട കൊട്ടി കിഴക്കേ നടപ്പുരയിലെത്തി തിരുകലാശം നടത്തിയതോടെ മേളം കലാശിച്ചു.
താളലയ ഗോപുരങ്ങള്‍ കയറിയിറങ്ങിയ ശബ്ദസൗന്ദര്യം മേള പ്രേമികളിലേക്ക് പതഞ്ഞൊഴുകി.
കിഴക്കേ നടപ്പുരയിലും ഗോപുര കവാടത്തിലും പന്തലിലും സന്ധ്യാവേലപ്പന്തലിലും കൂത്തമ്പലത്തിനു ചുറ്റും നിറഞ്ഞ ഭക്തര്‍ അവസാന ശീവേലിയില്‍ ലയിച്ചു.
District News
പാലക്കാട്: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ ജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റ് വി. സ്വാമിനാഥന്റെ അധ്യക്ഷതയിൽ വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി. സ്മിതേഷ് മുഖ്യാതിഥിയായി. ക്രൈം ബ്രാഞ്ച് എസ്പി. ഫിറോസ് എം. ഷെഫീഖ് ആദരിക്കൽ ചടങ്ങ് നിർവഹിച്ചു.
തൃശ്ശൂർ അഡീഷണൽ എസ്പി പി.ബി. പ്രശോഭ്, സംസ്ഥാന പ്രസിഡന്റ് പി.കെ. ലംബോദരൻ നായർ, പാലക്കാട് അഡീഷണൽ എസ്പി ടിഎസ്. സിനോജ്, സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ കല്ലറ, റിട്ടയേഡ് എസ്പി. കെ. വിജയൻ, റിട്ടയേഡ് എസ്പി എ.എസ്. രാജു, കെഎസ്എസ്പിയു ജില്ലാ പ്രസിഡന്റ് സി.എസ്. സുകുമാരൻ, പെൻഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് പി. സുകുമാരൻ, കെഎസ്എസ്പിഎ സംസ്ഥാന കമ്മിറ്റി അംഗം കെ. രാമചന്ദ്രൻ, കെ. ചാമി എന്നിവർ പ്രസംഗിച്ചു.
District News
നെന്മാറ: കൃഷിഭവന്റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് ക്രോപ് ഡൈവേർസിഫിക്കേഷൻ പദ്ധതിയിലുൾപ്പെടുത്തി പയറുവിത്തുകൾ സൗജന്യമായി വിതരണം ചെയ്തു.
മണ്ണിലെ ജൈവാംശം വർധിപ്പിച്ച് വിളവെടുപ്പ് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രദേശത്തെ കർഷകർക്ക് വലിയ ആശ്വാസവും പ്രചോദനവുമാകുമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ 25 ഏക്കർ സ്ഥലത്താണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.സി. സുനിൽ നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. നാരായണൻ അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർ നിഷ ശിവദാസ്, കൃഷി ഓഫീസർ എസ്. കൃഷ്ണ, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ സി. സന്തോഷ്, വി. ലിഗിത, എ. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.
District News
പാലക്കാട്: സ്റ്റേഡിയം ബസ് സ്റ്റാൻഡ് ടെർമിനലിന്റെ അവസാനഘട്ട പണികൾ പുരോഗമിക്കുന്നു. ഈമാസം 15നകം ഉദ്ഘാടനം നടത്താനാണ് അധികൃതരുടെ തീരുമാനം.
നേരത്തേ പത്തിനകം ഉദ്ഘാടനം നടത്താൻ തീരുമാനിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. രണ്ടുഘട്ടങ്ങളിലായി 2020 മാർച്ചോടെ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ടെർമിനൽ യാഥാർഥ്യമാകുന്നതോടെ സ്റ്റാൻഡിലെ സ്ഥലപരിമിതിക്കു പരിഹാരമാകും.
ബസുകൾ നിർത്തിയിടുന്നത് പുനഃക്രമീകരിക്കാനുമാകും. പുതിയ ബസ് ടെർമിനലിൽ ഒരേസമയം 32 ബസുകൾ നിർത്തിയിടാനാകുമെന്നാണു പ്രതീക്ഷ. ഏഴുവർഷത്തെ കാത്തിരിപ്പിനുശേഷമാണ് ബസ് സ്റ്റാൻഡ് ടെർമിനൽ യാഥാർഥ്യമാകുന്നത്. ജില്ലയിലെ ഏറ്റവും തിരക്കേറിയ ബസ് സ്റ്റാൻഡുകളിലൊന്നാണ് ബസ് സ്റ്റാൻഡ്. ബസ് സ്റ്റാൻഡിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുക എന്ന ലക്ഷ്യത്തോടെ 2019ലാണ് ബസ് ടെർമിനൽ നിർമാണം ആരംഭിച്ചത്. പാലക്കാട് നഗരസഭ അമൃത് പദ്ധതിയിൽ 3.18 കോടി രൂപ ചെലവിട്ട്, നിലവിലെ ബസ് സ്റ്റാൻഡിനു സമീപം ബസ് ടെർമിനൽ ഒരുക്കുന്നത്.
District News
പട്ടാമ്പി: നഗരസഭാ സമുച്ചയത്തിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്. ഇന്റീരിയർ പണികൾ, സൗന്ദര്യവത്കരണം, അനുബന്ധ സൗകര്യങ്ങളൊരുക്കൽ തുടങ്ങിയ പണികളാണ് അവസാനഘട്ടത്തിൽ.
കെട്ടിടനിർമാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഇലക്ട്രിക്കൽ ജോലികളാണ് ഇനി പൂർത്തിയാവാനുള്ളത്.
ഇതിന്റെ പ്രവൃത്തികളും തുടങ്ങി. നിലവിലെ കെട്ടിടത്തിൽ സ്ഥലപരിമിതി രൂക്ഷമാണ്.
പട്ടാമ്പി പഞ്ചായത്തായിരിക്കുമ്പോഴുള്ള കെട്ടിടത്തിലാണ് നഗരസഭയുടെ ഓഫീസ് പ്രവർത്തനം. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ചുള്ള സൗകര്യങ്ങൾ ഓഫീസിലില്ല.
നഗരസഭയുടെ സമ്മേളനം നടക്കുന്ന ഹാളും സ്ഥലപരിമിതിയിലാണ്. പുതിയകെട്ടിടം വരുന്നതോടെ ഇതിനെല്ലാം പരിഹാരമാവും. നഗരസഭാ സമുച്ചയത്തിന്റെ തൊട്ടടുത്താണ് റവന്യൂടവറും വരുന്നത്.
ഇതോടെ ആവശ്യക്കാർക്ക് വിവിധ ഓഫീസുകളിലേക്കാണ് സഹായകരമാവും. 2024 ജനുവരിയിലാണ് കെട്ടിടത്തിന്റെ നിർമാണം നടത്തിയത്. പട്ടാമ്പി- പെരിന്തൽമണ്ണ റോഡിൽ മത്സ്യച്ചന്തയ്ക്ക് സമീപമാണ് ആധുനിക സൗകര്യങ്ങളോടെയുള്ള അഞ്ചുനിലക്കെട്ടിടം വരുന്നത്.
ജനപ്രതിനിധികൾക്കുള്ള മുറികൾ, വകുപ്പധികൃതർക്കുള്ള പ്രത്യേക ഓഫീസ് മുറികൾ, ജനപ്രതിനിധികൾക്ക് സന്ദർശകരെ കാണാനുള്ള സൗകര്യം, വഴിയോര വിശ്രമകേന്ദ്രം വെളിയുള്ള സൗകര്യങ്ങളോടെയാണ് പദ്ധതി പൂർത്തീകരിക്കുന്നത്.
District News
മംഗലംഡാം: പളളിയും സ്കൂളും വീടുകളും പൊതു സ്ഥാപനങ്ങളുമുള്ള ഒലിംകടവ് സെന്ററിൽ കരിങ്കൽക്വാറി ആരംഭിക്കുന്നതിനെതിരേ പ്രക്ഷോഭം ശക്തമാക്കാൻ നാട്ടുകാരുടെ യോഗം തീരുമാനിച്ചു.
കരിങ്കൽക്വാറി ആരംഭിച്ചാൽ വലിയ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നു മംഗലഗിരി മർത്ത് മറിയം പള്ളി വികാരി ഫാ. ഷെൽട്ടന്റെ അധ്യക്ഷതയിൽ പള്ളിയങ്കണത്തിൽ ചേർന്ന യോഗവും മുന്നറിയിപ്പു നൽകി. ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ അധികൃതരുടെ ഭാഗത്തുനിന്നും ക്വാറിമാഫിയയ്ക്ക് അനുകൂലമായ നടപടിയുണ്ടാകില്ലെന്നാണു പ്രതീക്ഷയെന്നും മറിച്ചായാൽ അതിനെതിരേ ഏതറ്റംവരെയും പോകുമെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.
വാർഡ് മെംബർ ബെന്നി സ്കറിയ, മംഗലഗിരി സ്കൂൾ പ്രധാനാധ്യാപിക സ്റ്റെല്ല എന്നിവർ പ്രസംഗിച്ചു. നിയമപരിധിപോലും പാലിക്കാതെ ഒലിംകടവ് പോസ്റ്റ് ഓഫീസിനു മുന്നിലാണ് ക്വാറി തുടങ്ങുന്നത്.
ഇതിനടുത്താണ് പള്ളിയും കൊച്ചുകുട്ടികൾ പഠിക്കുന്ന എയ്ഡഡ് എൽപി സ്കൂളുമുള്ളത്.
മറ്റു സ്കൂളുകളിലേക്ക് കുട്ടികളുമായി പോകുന്ന വാഹനങ്ങൾക്കും നിർദിഷ്ട ക്വാറി സ്ഥലത്തിനടുത്തെ വീതികുറഞ്ഞ കടപ്പാററോഡിലൂടെ വേണം പോകാൻ. ക്വാറി തുടങ്ങുന്നതു കുത്തനെ ചെരിഞ്ഞ കുന്നിലായതിനാൽ ഖനനം നടക്കുമ്പോൾ സമീപത്തെ വീട്ടുകാർക്കും വാഹനങ്ങൾക്കും വലിയ അപകട ഭീഷണിയാകുമെന്നും ദുരന്തങ്ങൾ സംഭവിക്കുമെന്നും നാട്ടുകാർ ബന്ധപ്പെട്ടവർക്കു നൽകിയ പരാതിയിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജില്ലാ കളക്ടർ, ആലത്തൂർ താലൂക്ക് തഹസിൽദാർ, മംഗലംഡാം വില്ലേജ് ഓഫീസർ, വണ്ടാഴി പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് നേരത്തെ പരാതി നൽകിയിട്ടുള്ളത്.
2016 ലും ഇത്തരത്തിൽ ക്വാറി ആരംഭിക്കാൻ ശ്രമം നടന്നു. അതിനെതിരേ ബണ്ഡപ്പെട്ട അധികൃതരും രാഷ്ട്രിയപാർട്ടികളും മൗനംപാലിച്ചപ്പോൾ നാട്ടുകാർ സംഘടിച്ച് ഹൈക്കോടതിയെ സമീപിച്ചാണ് ജീവനും സ്വത്തിനുമുള്ള സംരക്ഷണം സമ്പാദിച്ചത്.
District News
പാലക്കാട്: ജില്ലയിലുണ്ടായ പരാജയങ്ങളും ചില മണ്ഡലങ്ങളിലെ വോട്ടുചോർച്ചയെക്കുറിച്ചും ചർച്ച ചെയ്യാനൊരുങ്ങി ബിജെപി സംസ്ഥാന നേതൃത്വം.
ആവശ്യമെങ്കിൽ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടുന്ന പഠനസമിതിയെ നിയോഗിച്ച് അന്വേഷിക്കും. തെരഞ്ഞെടുപ്പിനുശേഷം നടന്ന വിവിധ മണ്ഡലങ്ങളിലെ കോർകമ്മിറ്റി യോഗങ്ങളിൽ ഉന്നയിക്കപ്പെട്ട പരാതികളുടെ അന്വേഷണവും നടന്നേക്കും. പാലക്കാട് വെസ്റ്റ് ജില്ലയിലെ ഷൊർണൂരിൽ മാത്രമാണ് വോട്ടുകുറഞ്ഞത്. ഇവിടെ സംഘടനാതലത്തിൽ പ്രശ്നങ്ങളില്ലെന്നാണ് വിവരം.
കഴിഞ്ഞ തവണ ഇവിടെ ബിജെപിയും തമ്മിൽ നേരിയ വോട്ടു വ്യത്യാസമാണുണ്ടായിരുന്നത്. ഇതാണ് അന്വേഷണവിധേയമാക്കുക.
പാലക്കാട് ഈസ്റ്റ് ജില്ലയിലെ മണ്ഡലങ്ങളിലാണ് താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിയാതിരുന്നത്. സ്ഥാനാർഥി നിർണ്ണയത്തിൽ കൂടുതൽ പരാതികൾ ഉന്നയിക്കപ്പെട്ടതും ഇവിടെനിന്നാണ്. 2024ൽ പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മാറ്റിനിർത്തിയാൽ നാലു മണ്ഡലങ്ങളിലും ഇത്തവണ വോട്ടുകുറഞ്ഞു.
ഇതിൽ പാലക്കാട് മണ്ഡലത്തിലെ പ്രകടനം വിശദമായി അന്വേഷിക്കും. ചിറ്റൂരിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മറ്റൊരു പാർട്ടിയിൽ നിന്നെത്തിയ ആളെ മത്സരിപ്പിച്ചതുകൊണ്ട് എന്തു നേട്ടമുണ്ടായെന്ന ചോദ്യം അണികളുയർത്തുന്നുണ്ട്. ഇവിടെ പ്രകടമായ വോട്ടുവർധന ഉണ്ടായില്ല. ആലത്തൂർ മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ ആയിരം വോട്ടുകുറഞ്ഞതു പഠനവിധേയമാക്കും.
വോട്ടുവർധനയ്ക്ക് സാധ്യതയുണ്ടായിരുന്ന നെന്മാറ മണ്ഡലത്തിലും ചലനമുണ്ടായില്ല.
കോങ്ങാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്നവരും മണ്ഡലം കമ്മിറ്റിയും യോജിച്ചുള്ള പ്രവർത്തനവുമുണ്ടായിട്ടുണ്ടോ എന്നും അന്വേഷിച്ചേക്കും.
District News
വടക്കഞ്ചേരി: തരൂരിൽ ഇക്കുറിയും ഇടതിനെ കൂടുതൽ പിന്തുണ നൽകി രക്ഷപ്പെടുത്തിയതു കണ്ണമ്പ്ര പഞ്ചായത്തു തന്നെ. കണ്ണമ്പ്ര പഞ്ചായത്തിൽ നിന്നും 3983 വോട്ടിന്റെ ലീഡ് എൽഡിഎഫിനു ലഭിച്ചു.
2021ൽ ഇത് 5501 വോട്ടായിരുന്നു. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ 18 വാർഡും പിടിച്ചെടുത്ത് സമ്പൂർണ വിജയമായിരുന്നു എൽഡിഎഫ് നേടിയത്.
പ്രതിപക്ഷമില്ലാതെയാണ് കണ്ണമ്പ്രയിൽ പഞ്ചായത്തിലെ ഇടതുഭരണം നടക്കുന്നത്. അത്രയും ശക്തമായ ഉരുക്കുകോട്ടയിൽ പോലും ലീഡ് കുറഞ്ഞത് സിപിഎം നേതൃത്വത്തെ ഞെട്ടിപ്പിച്ചിട്ടുണ്ട്.
കണ്ണമ്പ്രയിലെ എൻഡിഎയുടെ വോട്ടുവർധനവും ശ്രദ്ധേയമാണ്. 2586 വോട്ട് എൻഡിഎക്ക് ലഭിച്ചു.
എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നതും മണ്ഡലത്തിന്റെ സിരാകേന്ദ്രവുമായ വടക്കഞ്ചേരി പഞ്ചായത്തിൽ എൽഡിഎഫിന്റെ ലീഡ് 23 ആയി കൂപ്പുകുത്തിയതാണ് ഇടതുമുന്നണിക്ക് പ്രത്യേകിച്ച് സിപിഎമ്മിനു വലിയ ആഘാതമായത്.
മൂന്നുപതിറ്റാണ്ടിനുശേഷം വടക്കഞ്ചേരിയിൽ പഞ്ചായത്ത് ഭരണം കോൺഗ്രസ് പിടിച്ചെടുത്തതിന്റെ പ്രതിഫലനങ്ങൾ കുറഞ്ഞ കാലത്തിനുള്ളിൽതന്നെ പ്രകടമായെന്ന വിലയിരുത്തലുകളുമുണ്ട്.
വടക്കഞ്ചേരി പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ.സി. സുബ്രഹ്്മണ്യന് 9063 വോട്ടും പി.പി. സുമോദിന് 9086 വോട്ടുമാണ് ലഭിച്ചത്.
പഞ്ചായത്തിൽ ആദ്യമായി അക്കൗണ്ട് തുടങ്ങി മൂന്നംഗങ്ങളുള്ള ബിജെപി 3144 വോട്ടു നേടി. കുത്തന്നൂരിലും എൽഡിഎഫിന്റെ ലീഡ് നന്നേ കുറഞ്ഞു. 82 വോട്ടുമാത്രമായി.
2021ൽ കുത്തന്നൂരിൽനിന്നും എൽഡിഎഫിന് 787 വോട്ടിന്റെ ലീഡുണ്ടായിരുന്നു. മറ്റു പഞ്ചായത്തുകളിലെ എൽഡിഎഫിന്റെ ലീഡ് നില ഇങ്ങനെ- കാവശേരി 2256, കോട്ടായി 1740, പെരിങ്ങോട്ടുകുറിശി 1651, പുതുക്കോട് 692, തരൂർ1436. പോസ്റ്റൽ വോട്ടിലെ ലീഡ് 47. 2021ൽ പഞ്ചായത്തുകളിലെ എൽഡിഎഫ് ലീഡ് നില - കണ്ണമ്പ്ര ( 5501), പെരിങ്ങോട്ടുകുറിശി (1144),കോട്ടായി (2605), കുത്തന്നൂർ(787), തരൂർ (3347), കാവശേരി (3177) ,പുതുക്കോട് (3446), വടക്കഞ്ചേരി (4282) എന്നിങ്ങനെയായിരുന്നു. 24,531 വോട്ടായിരുന്നു കഴിഞ്ഞ തവണത്തെ സുമോദിന്റെ ഭൂരിപക്ഷം. ഇപ്പോഴതു 11,910 വോട്ടായി കുറഞ്ഞു.
District News
ചുള്ളിക്കര: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് 10നു തുടക്കമാകും. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 3.30ന് രാജപുരം ഫൊറോന വികാരി ഫാ. ജോസ് അരീച്ചിറയിൽനിന്നു ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ പതാക ഏറ്റുവാങ്ങി 50 വാഹനങ്ങളുടെ അകമ്പടിയോടെ രാജപുരത്തു നിന്നു പതാക പ്രയാണം ചുള്ളിക്കര പള്ളിയിലേക്ക് എത്തിച്ചേരും.
തുടർന്ന് പതാക ഉയർത്തൽ, ആഘോഷമായ വിശുദ്ധ കുർബാന, മാർ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യകാർമികത്വത്തിൽ ജൂബിലി തിരി തെളിയിക്കൽ, ജൂബിലി ലോഗോ പ്രകാശനം, കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം സ്നേഹവിരുന്ന് എന്നിവ നടക്കും.
ഉദ്ഘാടനത്തിന്റെ മുന്നോടിയായി നാളെ കോളിച്ചാൽ മുതൽ ഒടയംചാൽ വരെ ജൂബിലി വിളംബര ജാഥ നടത്തും. ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണജൂബിലി ആഘോഷത്തിൽ വിവിധങ്ങളായ ആത്മീയ-സാംസ്കാരിക-ജീവകാരുണ്യപരിപാടികൾ സംഘടിപ്പിക്കും.
പത്രസമ്മേളനത്തിൽ ഇടവക വികാരി ഫാ. റോജി മുകളേൽ, ജനറർ കൺവീനർ ബേബി ഒഴുങ്ങാലിൽ, പാരീഷ് സെക്രട്ടറി കെ.ജെ. തോമസ്, പ്രോഗ്രാം കൺവീനർ എം.എ. സജി, പള്ളി ട്രസ്റ്റി ടോമി കടമുറി, പിൽഗ്രിം കൺവീനർ ടോജി തോമസ്, പബ്ലിസിറ്റി കൺവീനർ ടി.യു മാത്യു എന്നിവർ പങ്കെടുത്തു.
District News
കാഞ്ഞങ്ങാട്: ഓവുചാൽ പ്രവൃത്തിക്കായി കേവലം അഞ്ചുദിവത്തേയ്ക്ക് അടച്ചിട്ട മാവുങ്കാലിലെ ദേശീയപാത സർവീസ് റോഡ് 12 ദിവസം കഴിഞ്ഞിട്ടും തുറന്നുകൊടുക്കാൻ നടപടിയായില്ല. കഴിഞ്ഞമാസം 24ന് റോഡ് അടച്ചിട്ട പ്രവൃത്തിയാണ് അനന്തമായി നീളുന്നത്. നിലവിലെ നിർമാണപുരോഗതി കണക്കിലെടുക്കുന്പോൾ പ്രവൃത്തി പൂർത്തിയാകാൻ ആഴ്ചകൾ വേണ്ടിവരുമെന്നാണ് സൂചന.
റോഡ് അടച്ചിട്ടതോടെ പെരിയ ഭാഗത്തേക്കും പാണത്തൂർ, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ തുടങ്ങിയ മലയോരഭാഗത്തേക്കും പോകുന്ന ബസുകൾ വെള്ളിക്കോത്ത് മൂലക്കണ്ടം വഴിയും പെരളം രാവണേശ്വരം വഴിയും മഡിയൻ വഴിയും തോയമ്മൽ കൂളിയാങ്കൽ വഴിയുമാണ് ചുറ്റിക്കറങ്ങിപോകേണ്ടിവരുന്നത്. കേവലം മൂന്നു കിലോമീറ്ററിനു പകരമായി ആറും ഏഴും കിലോമീറ്റർ ദൂരമാണ് അതിനാൽ ബസുകൾക്ക് ചുറ്റിക്കറങ്ങേണ്ടിവരുന്നത്. ഇതോടെ ബസുകാർക്ക് സമയനഷ്ടവും ഇന്ധനനഷ്ടവുമേറി. വീതികുറഞ്ഞ കിഴക്കുംകര-വെള്ളിക്കോത്ത് റോഡിലൂടെ ബസുകൾ പോകാൻ തുടങ്ങിയതോടെ ഇവിടെ ഗതാഗതകുരുക്കും ഏറി. കാസർഗോഡ് ഭാഗത്തു നിന്നു മാവുങ്കാലിലേക്ക് പോകേണ്ടവർക്ക് മൂലക്കണ്ടത്ത് ബസിറങ്ങി ഓട്ടോറിക്ഷ പിടിച്ചുപോകേണ്ട സ്ഥിതിയാണുള്ളത്.
പ്രവൃത്തിയുടെ തുടക്കത്തിൽ നാട്ടുകാരും കർമസമിതിയും ഉന്നയിച്ച തടസവാദങ്ങൾ നിർമാണപ്രവൃത്തിയെ ബാധിച്ചിരുന്നു. റോഡ് നിർമാണത്തിനായി പൊന്നുംവില കൊടുത്ത വാങ്ങിയ ഭൂമിയിൽ പലയിടത്തും കൈയേറ്റം നടന്നതായി കർമസമിതി ആരോപിച്ചിരുന്നു.
പ്രതിഷേധത്തെ തുടർന്ന് റവന്യു അധികൃതർ ഭൂമി അളക്കുകയും കൈയേറ്റങ്ങൾ പൊളിച്ചുനീക്കാൻ നിർദേശം നൽകുകയും ചെയ്തു. എന്നാൽ കൈയേറ്റക്കാർ ഇനിയും അതിനു തയാറായിട്ടില്ലെന്ന് നിർമാണകന്പനി ആരോപിക്കുന്നു.
District News
തട്ടുമ്മല്‍: സ്വകാര്യവ്യക്തിയുടെ വീട്ടിലേക്കുള്ള വഴിയില്‍ അതിക്രമിച്ച് കയറി മണ്ണിമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് കിളച്ച് നശിപ്പിച്ചതായി പരാതി. അട്ടേങ്ങാനം തട്ടുമ്മലിലെ പുതുപ്പറമ്പില്‍ അരുണ്‍ ചാക്കോയുടെ വീട്ടിലേക്കുള്ള വഴി അയല്‍വാസിയായ സജി തോമസ് നശിപ്പിച്ചെന്നാണ് പരാതി. ഇതു സംബന്ധിച്ച് അമ്പലത്തറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആറു വര്‍ഷം മുന്‍പാണ് അരുണ്‍ തട്ടുമ്മലില്‍ സ്ഥലം വാങ്ങി വീടുവച്ചത്. പറമ്പിലേക്കുള്ള വഴിയും വിലയ്ക്കു വാങ്ങിയതാണ്.
കൃത്യമായ രേഖകളുള്ള വഴിയാണ് ആരും വീട്ടിലില്ലാത്ത സമയം നോക്കി സജി പൂര്‍ണമായും നശിപ്പിച്ചതെന്നും വഴി പൂര്‍വസ്ഥിതിയിലാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കൊന്നുകളയുമെന്നാണ് സജി ഭീഷണിപ്പെടുത്തിയെന്നും പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അമ്പലത്തറ ഇൻസ്പെക്ടർ പറഞ്ഞു.
ഇതുകൂടാതെ മാവുങ്കാല്‍-പാണത്തൂര്‍ സംസ്ഥാന പാതയിലെ തട്ടുമ്മല്‍ ഭാഗത്ത് റോഡിന് ഭീഷണിയായി മണ്ണെടുത്തിട്ടുണ്ട്. അനധികൃതമായി റോഡിലെ മണ്ണെടുത്തത് സംസ്ഥാനപാത ഇടിയാന്‍ കാരണമാകുമെന്ന് കാണിച്ച് അരുണ്‍ ചാക്കോ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എന്‍ജിനിയർക്ക് പരാതി നല്‍കിയിട്ടുണ്ട്.
District News
വെളളരിക്കുണ്ട്: വെള്ളരിക്കുണ്ടിൽ പോലീസ് ജീപ്പ് ഇടിച്ചു മരിച്ച ഓട്ടോറിക്ഷ ഡ്രൈവർ പുങ്ങംചാൽ കൊടിയങ്കുണ്ട് ഉന്നതിയിലെ സി. രാജുവിന്റെ ഭാര്യ സരിത തനിക്കും മക്കൾക്കും പോലീസ് വകുപ്പും സർക്കാരും നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ഏപ്രിൽ 30നു രാത്രി 7.30ഓടെയാണ് മങ്കയത്തെ ഗവ. ആശുപത്രിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ രാജു മരിച്ചത്. രണ്ടു കൊച്ചു കുട്ടികൾ അടങ്ങിയ കുടുംബത്തിന്റെ എല്ലാമായിരുന്നു രാജു. രാജുവിന്റെ മരണത്തോടെ ഇവർ അനാഥരായി.
ഓട്ടോ ഓടിച്ചും തെങ്ങ് കയറിയും മറ്റു കൂലിപ്പണികൾ എടുത്തുമാണ് മക്കളുടെ പഠനങ്ങളും രാജു ജീവിതവും മുന്നോട്ട് കൊണ്ടുപോയിരുന്നത്. എന്നാൽ രാജുവിന്റെ മരണത്തോടെ ഈ കുടുംബത്തിന്റെ ഉപജീവനമാർഗം നിലച്ചു.
രാജു ഓടിച്ച ഓട്ടോ റിക്ഷയിൽ അമിതവേഗതയിൽ വന്ന പോലീസ് ജീപ്പ് ഇടിച്ചതിനാലാണ് എന്റെ ഭർത്താവിനെ നഷ്ടമാകാൻ ഇടയായതെന്നും തുടർന്ന് ലഭിക്കേണ്ട നഷ്ടപരിഹാരങ്ങൾക്കും പോലീസിന്റെ അന്വേഷണം ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്നും അപകടത്തിന് ശേഷം രാജുവിനെ കുറ്റക്കാരനാക്കുവാനുള്ള നടപടികളാണ് വെള്ളരിക്കുണ്ട് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും കുടുംബം ആരോപിക്കുന്നു,
നിലവിൽ പോലീസ് തയാറാക്കിയ എഫ്ഐആറിൽ പോലീസ് ജീപ്പ് ഓടിച്ച ഡ്രൈവറുടെ പേര് ചേർക്കാത്തത് ദുരൂഹത വർധിപ്പിക്കുന്നു. ഡ്രൈവറുടെ പേരിൽ നരഹത്യക്ക് കേസെടുക്കണം. പോലീസ് വാഹനത്തിലെ കാമറ, ഡിവിആർ എന്നിവ സംരക്ഷിക്കണമെന്നും ആഭ്യന്തരവകുപ്പ് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും ഇക്കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവിയുടെ ഇടപെടൽ ഉണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. നിയുക്ത എംഎൽഎമാരായ സന്ദീപ് വാര്യർ, ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവർ രാജുവിന്റെ കുടുംബത്തെ സന്ദർശിച്ചു. രാജുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി സർവകക്ഷി സംഘം പ്രവർത്തനം ആരംഭിച്ചു.
District News
കാസര്‍ഗോഡ്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇവിഎം സ്ട്രോംഗ് റൂമുകളുടെ സുരക്ഷ ചുമതല നിര്‍വഹിച്ച സശാസ്ത്ര സീമാബല്‍ (എസ്എസ്ബി) സേനാംഗങ്ങളെ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് പ്രശംസാപത്രം നല്കി ആദരിച്ചു.
കാസര്‍ഗോഡ് ഗവ. കോളജില്‍ നടന്ന ചടങ്ങില്‍ 86 സേനാംഗങ്ങള്‍ക്ക് കളക്ടര്‍ ജില്ലാ ഭരണസംവിധാനത്തിന്റെ ആദരം അറിയിച്ചു. അസി. കമാന്‍ഡന്റ് മോഹിത് ഭാര്‍ഗവ്, സബ് ഇന്‍സ്പെക്ടര്‍മാരായ ബിഷന്‍ദാസ്, സഞ്ജയ് കുമാര്‍, കോണ്‍സ്റ്റബിള്‍ ബി. ഷാനു എന്നിവരുടെ നേതൃത്വത്തിലാണ് സേനാംഗങ്ങള്‍ സുരക്ഷയൊരുക്കിയത്.
ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍. ഗോപകുമാര്‍, കളക്ടറേറ്റ് ഇലക്ഷന് വിഭാഗം ജൂണിയര്‍ സൂപ്രണ്ട് എ. രാജീവന് എന്നിവര്‍ പ്രസംഗിച്ചു. സേനാംഗങ്ങള്‍ തിരികെ ബിഹാറിലേക്കാണ് പോകുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട നിയമപരിപാലനം, പോളിംഗ് കൗണ്ടിംഗ് സ്റ്റേഷനുകളുടെ സുരക്ഷാക്രമീകരണങ്ങള്‍, തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തില്‍ സുരക്ഷാ അകമ്പടി സേവിക്കല്‍ എന്നിങ്ങനെ തെരഞ്ഞെടുപ്പ് നടപടിഭാഗമായി വിവിധ സേവനങ്ങളാണ് സുരക്ഷാസേന നിര്‍വഹിച്ചത്.
ജില്ലയില്‍ ലഭിച്ച മികച്ച സഹകരണത്തിന് ജില്ലാഭരണസംവിധാനത്തിനും ജില്ലാ പോലീസിനും കേന്ദ്രസേനാംഗങ്ങള്‍ നന്ദി അറിയിച്ചു.
District News
കുന്നുംകൈ: ജീവിതസ്വപ്നങ്ങളും ആ സ്വപ്നങ്ങളിലേക്കുള്ള യാത്രയിലെ തടസങ്ങളും വെള്ളപേപ്പറില്‍ അക്ഷരങ്ങളായി കുറിക്കുമ്പോള്‍ ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിലെ വിദ്യാര്‍ഥിനി പതിനഞ്ചുകാരി അനശ്വര രതീഷിന്റെ മനസില്‍ ചോദ്യങ്ങള്‍ പലതായിരുന്നു. തന്റെ കത്ത് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് കാണുമോ? എങ്കിലും അവള് എഴുതി, ഹോക്കി പ്ലേയറായ എന്നെ ടൂള്‍കിറ്റ് വാങ്ങാന്‍ സഹായിക്കാമോ, അങ്ങനെ തന്റെ പ്രശ്നങ്ങളും കുടുംബത്തിന്റെ ബുദ്ധിമുട്ടുകളുമായി നീണ്ടുപോകുന്നു ആ കത്ത്. കത്ത് ശ്രദ്ധയില്‍ വന്നയുടന്‍ ജില്ലാ കളക്ടര്‍ എസ്ബിഐ കളക്ടറേറ്റ് ബ്രാഞ്ച് റീജണല്‍ മാനേജര്‍ പി. സുജീഷിനെ വിവരം അറിയിക്കുകയും കുട്ടിയെ സഹായിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.
കത്ത് പോസ്റ്റ് ചെയ്ത് രണ്ടാംദിവസം എല്ലാ സംശയങ്ങളെയും കാറ്റില്‍ പറത്തി അനശ്വരയുടെ ജീവിതസ്വപ്നങ്ങളിലേക്ക് വെളിച്ചം വീശുന്ന ആ ടെലിഫോണ്‍ വിളി ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ നിന്ന് അവളെ തേടിയെത്തി. ഫോണ്‍ കോള്‍ എത്തിയപ്പോള്‍ വലിയ അദ്ഭുതമായിരുന്നു തനിക്ക് ആദ്യം തോന്നിയത്. നാലാംദിവസം പുതിയൊരു സ്പോര്‍ട്സ് കിറ്റ് വാങ്ങുന്നതിനായി കത്തിലൂടെ ആവശ്യപ്പെട്ട 43,000 രൂപയും അവളുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തി. തന്റെ കത്തിന് ഇത്ര വേഗത്തില്‍ മറുപടി ലഭിച്ചതും തന്റെ ആവശ്യങ്ങള്‍ ഉടൻ പരിഗണിക്കപ്പെട്ടതും ഒരു സ്വപ്നം പോലെയാണ് തോന്നിയതെന്നും അനശ്വര പറഞ്ഞു.
വെസ്റ്റ് എളേരി പഞ്ചായത്തിലെ കുന്നുംകൈ കമ്മാടം സ്വദേശിനിയാണ് അനശ്വര ചെറുപ്പത്തില്‍ തന്നെ കായികമേഖലയില്‍ ഏറെ താത്പര്യമുള്ളവളാണ്. മണ്ഡപം സ്കൂളില്‍ പഠിക്കുമ്പോഴാണ് അധ്യാപകരായ ജയന്, ഗിരീഷ് എന്നിവര്‍ കുട്ടിയുടെ കഴിവിനെ തിരിച്ചറിയുന്നത്. ഇവരുടെ പ്രോത്സാഹനഫലമായാണ് ജി.വി.രാജ സ്പോര്‍ട്സ് സ്കൂളിലേക്ക് എട്ടാം ക്ലാസിലേക്കുള്ള അഡ്മിഷനായി അപേക്ഷിക്കുന്നതും പ്രവേശനം ലഭിക്കുന്നതും. അടുത്ത അധ്യയന വര്‍ഷം പത്താംക്ലാസ് വിദ്യാർഥിനിയാണ് അനശ്വര. ഇതിനോടകം തന്നെ രണ്ടു ദേശീയ മത്സരങ്ങളിലും നാല് സംസ്ഥാന മത്സരങ്ങളിലും ഹോക്കി ഗോള്‍ കീപ്പറായി പാഡണിഞ്ഞു കഴിഞ്ഞു.
എന്നാല്‍ ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത് സീനിയര്‍ താരങ്ങളുടെ കിറ്റ് കടം വാങ്ങിയായിരുന്നു. ഒരു ഗോള്‍ കീപ്പര്‍ക്ക് ഏറ്റവും സുരക്ഷിതമായ സ്വന്തം കിറ്റ് വേണമെന്നിരിക്കെ, അത് ഇല്ലാത്തതിനാല്‍ ഒരു ദേശീയ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം പോലും അനശ്വരയ്ക്ക് നഷ്ടമായി. കളിക്കളത്തില്‍ ഗോള്‍ പോസ്റ്റിന് മുന്നില്‍ കോട്ട കെട്ടുന്ന ധൈര്യമുണ്ടെങ്കിലും ജീവിത സാഹചര്യങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്ക്കുകയായിരുന്നു ഈ കൊച്ചുമിടുക്കി.
അതേ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ക്ക് കത്ത് അയക്കുന്നതും ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ കിറ്റിനായി ആവശ്യപ്പെട്ട 43000 രൂപ അനശ്വരയ്ക്ക് ലഭിക്കുന്നതും. പുതിയ കിറ്റ് ഉടന്‍ സ്വന്തമാകുമെന്ന സന്തോഷം പങ്കുവയ്ക്കാന്‍ അനശ്വര കുടുംബത്തോടൊപ്പം ജില്ലാ കളക്ടറെ നേരില്‍ കാണാനെത്തി. 'നാടിന്റെ അഭിമാനമായി വളരണം' മധുരം നല്കി ജില്ലാ കളക്ടര്‍ അനശ്വരയെയും അനുജത്തിയെയും ആശംസകള്‍ അറിയിച്ചു. ഒരു പെണ്‍കുട്ടിയുടെ ഹോക്കി സ്വപ്നങ്ങള്‍ക്ക് ചിറകായി മാറിയ കളക്ടറുടെ ഈ ഇടപെടല്‍, കരുതലും കരുണയും ചേര്‍ന്ന ഭരണത്തിന്റെ മനോഹരമായ ഉദാഹരണമായി മാറുകയാണ്.
District News
മഞ്ചേശ്വരം: അപകടം തുടർക്കഥയാകുന്ന മഞ്ചേശ്വരം കുണ്ടുകുളുക്കെ ബീച്ചിൽ സുരക്ഷാസംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. മഞ്ചേശ്വരത്തെ പ്രധാന ബീച്ചുകളിൽ ഒന്നാണിത്. എല്ലാദിവസവും വൈകുന്നേരം നൂറുകണക്കിന് ആൾക്കാരാണ് മാനസികോല്ലാസത്തിനും അവധി ആഘോഷങ്ങൾക്കുമായി ഇവിടെ എത്തിച്ചേരുന്നത്.
അതിർത്തിമേഖല ആയതിനാൽ കർണാടകയിൽ നിന്നു നിരവധി ളകൾ ഇവിടെ എത്തിച്ചേരുന്നുണ്ട്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളും മതിയായ സുരക്ഷാസംവിധാനങ്ങളും ഇല്ലാത്തത് കുണ്ടുകുളുക്കെ ബീച്ചിനെ അപകടമേഖലയാക്കി മാറ്റുന്നു. വൈകുന്നേരങ്ങളിൽ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. അവധിക്കാലങ്ങളിൽ ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കാറുണ്ട്. തൊട്ടടുത്ത് തന്നെ സ്വകാര്യ വാട്ടർ തീംപാർക്കും ഉണ്ട്. ഇവിടെയെത്തുന്നവരും ബീച്ചിൽ വന്ന് സമയം ചെലവഴിക്കാറുണ്ട്.
കർണാടക ആവേരിയിൽ നിന്ന് അവധിക്കാലം ആഘോഷിക്കാനെത്തിയ ഒരു കുടുംബത്തിലെ മൂന്നു കുട്ടികളാണ് തിരമാലയിൽപെട്ടത്. ഇവിടെയുണ്ടായിരുന്നവർ ഉടൻ തന്നെ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറുവയസുകാരൻ ഫൈസാൻ അപ്പോഴേക്കും മരിച്ചിരുന്നു. ഏപ്രിൽ 16ന് മഞ്ചേശ്വരം ചൗക്കിയിലെ സൈനുൽ ആബിദ് (18) ഇതേ സ്ഥലത്ത് മുങ്ങിമരിച്ചത്. ഓട്ടിസം ബാധിതനായ സൈനുൽ ആബിദ് സഹോദരങ്ങൾ
ക്കൊപ്പം കളിക്കുന്പോഴായിരുന്നു തിരയിൽപെട്ടത്. പിറ്റേന്ന് വൈകുന്നേരം ഹൊസബെട്ടു കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞവർഷം കടപ്പുറത്ത് കളിക്കുന്നതിനിടെ ഒരു കുട്ടിയും രക്ഷിക്കാനാറിങ്ങിയ അമ്മയും അപകടത്തിൽപെടുകയുണ്ടായി. നാട്ടുകാരനായ യുവാവാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. കടലിൽ കുളിക്കാനിറങ്ങിിയ മറ്റൊരു യുവാവും ഇതേ സ്ഥലത്തു തന്നെ മുങ്ങിമരിച്ചിരുന്നു.
ജില്ലയിൽ മറ്റൊരു ബീച്ചിലും മുങ്ങിമരണം ഉണ്ടാകാറില്ല. കടലിൽ ഇറങ്ങി കുളിക്കുന്നവരെ നിയന്ത്രിക്കാനോ നിർദേശം നൽകാനോ ഉള്ള സംവിധാനമില്ലാത്തതാണ് ഇവിടെ അപകടങ്ങൾ ആവർത്തിക്കാൻ കാരണം. ഇത്രയും അപകടങ്ങൾ നടന്നിട്ടും ബീച്ചിൽ പരിശീലനം ലഭിച്ച ഗാർഡുകളെ നിയമിക്കാൻ അധികൃതർ തയാറായിട്ടില്ല. സുരക്ഷാസംവിധാനം ഒരുക്കാൻ ഇനിയും വൈകിയാൽ അപകടങ്ങൾ ഇനിയും ആവർത്തിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.
District News
കാസര്‍ഗോഡ്: പോക്സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് വൈകാരികവും മാനസികവുമായ പിന്തുണ നല്‍കുന്നതിനും കേസുമായി ബന്ധപ്പെട്ടു നിയമപരമായ പ്രക്രിയയില്‍ ഇവരെ സഹായിക്കുവാനും കേസില്‍ ഇരകളാക്കപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി പോക്സോ സപ്പോര്‍ട്ട് പേഴ്സണ്‍മാരുടെ സേവനം നല്‍കുന്നതിന് പാനല്‍ രൂപീകരിക്കുന്നു. സപ്പോര്‍ട്ട് പേഴ്സണ്‍മാരുടെ പാനലില്‍ ഉള്‍പ്പെടുത്തുന്നതിന് അനുയോജ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നു അപേക്ഷ ക്ഷണിച്ചു.
യോഗ്യത സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, മനശാസ്ത്രം, ശിശുവികസനം എന്നീ വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദമുള്ള വ്യക്തി അല്ലെങ്കില്‍ കുട്ടികളുടെ വിദ്യാഭ്യാസവും വികസനവും അല്ലെങ്കില്‍ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ഗ്രാജുവേറ്റ്.
ശിശു അവകാശങ്ങള്‍ അല്ലെങ്കില്‍ ശിശു സംരക്ഷണ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ അല്ലെങ്കില്‍ സംഘടനകള്‍. കുട്ടികളുടെ സംരക്ഷണ ഉത്തവാദിത്വമുള്ള ചില്‍ഡ്രന്‍സ് ഹോം, ഷെല്‍ട്ടര്‍ ഹോം എന്നിവയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം.
അപേക്ഷ നേരിട്ടോ തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കാം. അവസാന തീയതി 15നു വൈകുന്നേരം അഞ്ച്. വെബ്സൈറ്റ്: https: // wcd.kerala.gov.in. ഫോണ്‍: 04994 256990.
District News
കുടിയാന്മല: കനകക്കുന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കനകക്കുന്ന് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കനകക്കുന്നിൽ നടന്ന പ്രതിഷേധ യോഗത്തിൽ കനകക്കുന്ന് ഇടവകവികാരി ഫാ. ജെറിൻ ജോസഫ്, സെന്റ് മേരീസ് യാക്കോബായ പള്ളി ട്രസ്റ്റി ബിനു, കനകക്കുന്ന് അയ്യപ്പക്ഷേത്രം ട്രസ്റ്റി സുരേന്ദ്രൻ, വാർഡ് മെംബർ ജോമോൾ ജോസഫ് എന്നിവർ പ്രസംഗിച്ചു.
വർഷങ്ങളായി ടാറിംഗ് തകർന്ന നിലയിലുള്ള ഈ റോഡ് അടിയന്തരമായി നവീകരണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇപ്പോൾ നടത്തിയ പ്രതിഷേധ പരിപാടി ശക്തമായ സമരപരിപാടികളുടെ തുടക്കം മാത്രമാണെന്നും നടപടി ഉണ്ടായില്ലെങ്കിൽ കടുത്ത പക്ഷോഭത്തിനിറങ്ങുമെന്നും പൗരസമിതി മുന്നറിയിപ്പ് നൽകി.
District News
ചെമ്പന്തൊട്ടി: എഫ്സിആർഎ ഭേദഗതി ബില്ലിൽ സർക്കാർ പൊതുജനങ്ങളുടെ അഭിപ്രായംകൂടി തേടണമെന്ന് ചെമ്പന്തൊട്ടി ഫൊറോന കൗൺസിൽ ആവശ്യപ്പെട്ടു.
നമ്മുടെ ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ഈ നിയമം പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയിലാക്കും. ഇത് വ്യക്തികളുടെയും കൂട്ടായ്മകളുടെയും സ്വത്തവകാശത്തെയും ബാധിക്കും. ന്യൂനപക്ഷങ്ങൾക്ക് വിദ്യാലയങ്ങളും ആശുപത്രികളും നടത്താനുള്ള സ്വയം ഭരണാധികാരം ഇതിലൂടെ നഷ്ടപ്പെടാനും സാധ്യതയുണ്ട്.
വിദേശ സഹായം നിയന്ത്രണ വിധേയമായിരിക്കണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ, അതിന്റെ പേരിൽ ആസ്തികൾ പിടിച്ചെടുക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. അതുകൊണ്ട് സർക്കാർ പൊതുജനാഭിപ്രായംകൂടി തേടിയശേഷം മാത്രമേ ഈ ബില്ല് പരിഗണിക്കാവൂ എന്നാണ് ഫൊറോന കൗൺസിൽ ആവശ്യപ്പെടുന്നത്. ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ യോഗം ഉദ്ഘാടനം ചെയ്തു.
ഫൊറോന കൗൺസിൽ പ്രസിഡന്റ് ജോസ് പന്ന്യാംമാക്കൽ അധ്യക്ഷത വഹിച്ചു. ഫാ. തോമസ് ചെരുവിൽ, ഫാ. ജോബി ഇടത്തിനാൽ, ഫാ. ജോസഫ് ഓരത്തേൽ, ഫാ. മാത്യു കുറുമ്പുറത്ത്, ഫാ. കുര്യാക്കോസ് ഓരത്തേൽ, ഫാ. പോൾ ഓലിക്കൽ, ജോസഫ് കവുന്നുകാട്ടിൽ, സൈജോ വട്ടക്കാവുങ്കൽ, ഷിനോ പാറയ്ക്കൽ, ഫൊറോന കൗൺസിൽ സെക്രട്ടറി പ്രീന മനു വാഴപ്പിള്ളിൽ, ജോസഫീന വർഗീസ് എന്നിവർ പ്രസംഗിച്ചു. ഫൊറോനയിലെ പന്ത്രണ്ട് ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
District News
പരിയാരം: മെഡിക്കല്‍ കോളജിന് സമീപം പെട്ടിക്കടയ്ക്കും ലോട്ടറി സ്റ്റാളിനും തീപിടിച്ചു. സര്‍വീസ് റോഡരികിലെ കടന്നപ്പള്ളി സ്വദേശി സി.പി. രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയും സമീപത്തായുള്ള കുളപ്പുറത്തെ യു.കെ. സുധാകരന്റെ ശ്രീനന്ദ ലോട്ടറി സ്റ്റാളുമാണ് കത്തിനശിച്ചത്. ഇന്നലെ പുലർച്ചെ നാലോടെയാണ് കടയ്ക്ക് തീപിടിച്ചത്.
ഉടന്‍ പരിയാരം പോലീസ് പയ്യന്നൂര്‍ അഗ്നിരക്ഷാ സേനയെ അറിയിക്കുകയും ഒരു യൂണിറ്റ് ഫയര്‍ എന്ജിന് സ്ഥലത്തെത്തി തീ അണയ്ക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സീനിയര്‍ ഫയര്‍ ആൻഡ് ഓഫീസര്‍ എൻ. മുരളിയുടെ നേതൃത്വത്തില്‍ ജീവനക്കാരായ കെ.വി. വിപിൻ, ജിനോ ജോണ്‍, എം.എസ്. അഖില്‍, എസ്. ജിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് തീ അണച്ചത്.
District News
മതിലിടിഞ്ഞ്
വീടിന്
നാശനഷ്ടം
ചപ്പാരപ്പടവ്: ഇന്നലെ പുലർച്ചെ മുതൽ മലയോരമേഖലയിൽ അപ്രതീക്ഷിത കനത്ത മഴ. കനത്ത മഴയിൽ പടപ്പേങ്ങാട് ചുറ്റുമതിലിടിഞ്ഞ് കിഴക്കേതിൽ സജിയുടെ വീടിന് നാശനഷ്ടം സംഭവിച്ചു. 35 മീറ്റർ നീളത്തിലും 10 അടി ഉയരത്തിലും നിർമിച്ച മതിലാണ് തകർന്നു വീണത്. കോൺക്രീറ്റ് ഫില്ലറും ചെങ്കല്ലും ഉപയോഗിച്ച് 10 വർഷം മുന്‍പ് നിർമിച്ച ഈ മതിൽ തകർന്നുവീണിരിക്കുന്നത് വീടിന്റെ ചുമരിലേക്കാണ്. ലക്ഷങ്ങളുടെ നഷ്ടം സജിക്ക് സംഭവിച്ചു. പഞ്ചായത്തംഗം എ.എൻ. വിനോദ് സ്ഥലം സന്ദർശിച്ചു.
വ്യാപക
കൃഷി നാശം
ചെറുപുഴ: കഴിഞ്ഞ ദിവസമുണ്ടായ വേനൽ മഴയിലും കാറ്റിലും ചെറുപുഴ മേഖലയിൽ വ്യാപക കൃഷിനാശം. 600 ഓളം കുലച്ച ഏത്തവാഴകളും 50 ഓളം ടാപ്പ് ചെയ്യുന്ന റബർ മരങ്ങളും ഉൾപ്പെടെ നിരവധി കൃഷികൾ നശിച്ചു. ചെറുപുഴ ആയന്നൂരിലാണ് നേന്ത്രവാഴത്തോട്ടം കാറ്റ് തകർത്തത്.
ആയന്നൂരിലെ ഇടപ്പള്ളി സജിയുടെ 400 ഓളം വാഴകളാണ് നിലംപൊത്തിയത്. രണ്ടാഴ്ചകൂടി കഴിഞ്ഞാൽ വിളവെടുക്കാൻ കഴിയുന്നവയായിരുന്നു. ഓരോ കുലകൾക്കും ശരാശരി 20 കിലോയ്ക്ക് മുകളിൽ തൂക്കമുണ്ട്. 800 വാഴകളാണ് സജിയുടെ തോട്ടത്തിലുണ്ടായിരുന്നത്. ഇതിൽ പകുതിയും നശിച്ചു. ഈസ്റ്റ്-എളേരി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി, പഞ്ചായത്തംഗം സിന്ധു ടോമി, കൃഷി ഓഫീസർ അബിൻ സി. അജിത്ത് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മീന്തുള്ളിയിലുള്ള സി.എ. മാത്യു, ഭൂദാനത്തെ ബിജി തോമസ്, തെക്കൻമാവിലെ പ്രിൻസ് സ്കറിയ, കോക്കടവിലെ വിൻസന്റ് ജോസഫ് എന്നിവരുടെ കൃഷിയിടങ്ങളിലെ വിളകളും നശിച്ചു. ഏകദേശം രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കൃഷിയിടം സന്ദർശിച്ച ചെറുപുഴ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ പറഞ്ഞു.
മലയോര ഹൈവേയുടെ
ഓവുചാലുകളിൽ മാലിന്യം
ചെറുപുഴ: മലയോര ഹൈവേയുടെ പലഭാഗത്തും ഓവുചാലുകളിൽ മലിന ജലവും മാലിന്യങ്ങളും കെട്ടിക്കിടക്കുന്നു. കഴിഞ്ഞ ദിവസമുണ്ടായ മഴയിലാണ് ഓവുചാലുകളിൽ വെള്ളം നിറഞ്ഞത്. ഇവയിൽ കൊതുക് വളർന്ന് പകർച്ചവ്യാധികൾക്ക് കാരണമാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക.
കൂടാതെ, പ്ലാസ്റ്റിക് കുപ്പികൾ, കൂടുകൾ, പേപ്പറുകൾ എന്നിവയും അടിഞ്ഞ് കൂടിക്കിടക്കുന്നു. ഓവുചാലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്നതിൽ കരാറുകാരുടെ ഭാഗത്തു നിന്നുമുണ്ടായ വീഴ്ചയാണ് മഴ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുവാൻ കാരണം.
ഓവുചാലിന്റെ സ്ലാബിട്ടു മൂടിയ ഭാഗത്തെ മണ്ണാണ് നീക്കം ചെയ്യാത്തത്. ഇത് അടിയിന്തരമായി മാറ്റണമെന്നാണ് ആവശ്യമുയരുന്നത്.
District News
ചെമ്പേരി: ജൽജീവൻ മിഷൻ പദ്ധതിയുടെ കൂറ്റൻ പൈപ്പുകൾ സ്ഥാപിക്കാനായി കുത്തിപൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാത്തത് കാരണം ചെന്പേരി ടൗണിലെ റോഡുകൾ ചെളിക്കുളമായി. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് റോഡുകൾ.
വാഹനങ്ങൾ കടന്നുപോകുന്പോൾ ചെളി കാൽനടയാത്രികരുടെ വസ്ത്രങ്ങളിൽ തെറിക്കുകയുമാണ്.
ഓട്ടോ റിക്ഷകളും ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെടുന്നതും പതിവാണ്. ഏരുവേശി പഞ്ചായത്തിന്റെ പത്താം വാർഡിലെ ചെമ്പേരി ടൗണിൽ ജൽജീവൻ മിഷൻ പദ്ധതിയുടെ പൈപ്പിടൽ പ്രവൃത്തി തുടങ്ങിയിട്ട് മാസങ്ങളായി. ടൗണിലെ റോഡുകളുടെ നടുവിലൂടെ ടാറിംഗ് കുത്തിപ്പൊളിച്ച് പൈപ്പിട്ട ശേഷം വേണ്ടവിധം കുഴികൾ മൂടാതെയും ബാക്കി വരുന്ന മണ്ണ് നീക്കം ചെയ്യാതെയും തീർത്തും അശാസ്ത്രീയമായാണ് പണി നടത്തി വരുന്നത്.
മണ്ണ് നീക്കിയും കുഴികൾ നികത്തിയും റോഡ് പൂർവസ്ഥിതിയിലാക്കാൻ പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടെങ്കിലും പണി നടത്തുന്നവർ അതിന് തയാറായില്ലെന്ന് വാർഡ് മെംബർ മേരി ഫ്രാൻസിസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് സാബു മണിമല എന്നിവർ പറഞ്ഞു.
പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ വ്യാപാരികളും ഓട്ടോ-ടാക്സി-ചുമട്ടു തൊഴിലാളികളും വിവിധ രാഷ്ട്രീയകക്ഷികളും ചേർന്ന് സത്യഗ്രഹമടക്കം വൻപ്രക്ഷോഭം നടത്താനുള്ള ഒരുക്കത്തിലാണ്.
പ്രക്ഷോഭത്തിന്റെ മുന്നോടിയായി ഏരുവേശി പഞ്ചായത്ത് ഓഫിസിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ച് ഇന്നു രാവിലെ പതിനൊന്നിന് ചെമ്പേരി ടൗണിൽ നിന്നാരംഭിക്കും.
District News
ഇരിട്ടി : ആറളം പുനരധിവാസ മേഖലയിൽ വീട്ടിലെ ശുചിമുറിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ബ്ലോക്ക് പത്തിലെ പുലിക്കരി ഷിജുവിന്റെ വീട്ടിലെ ശുചിമുറിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.
ആർആർടിയുടെ സഹായത്തോടെ ഇരിട്ടി സെക്ഷൻ താൽക്കാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ എന്നിവർ ചേർന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ശുചിമുറിയുടെ ചുമരിൽ ഇരിപ്പുറപ്പിച്ചിരുന്ന പാമ്പിനെ വെളിയിൽ എത്തിച്ചാണ് പിടികൂടിയത്. മൂന്ന് വർഷത്തിനുള്ളിൽ ഫൈസൽ വിളക്കോട് പിടികൂടുന്ന 112-ാ മത്തെ രാജവെമ്പാലയാണിത്.
District News
കണ്ണൂർ: ഉത്തര മലബാറിലെ ആരോഗ്യ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച കണ്ണൂർ ആസ്റ്റർ മിംസിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. അത്യാധുനിക സാങ്കേതിക വിദ്യകളുടെ പിൻബലത്തിൽ കഴിഞ്ഞ ഏഴുവർഷത്തിനുള്ളിൽ 75,000 എൻഡോസ്കോപ്പി പരിശോധനകളും ചികിത്സകളും ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം വിജയകരമായി പൂർത്തിയാക്കി.
ചടങ്ങിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ കേരള ക്ലസ്റ്റർ, മെഡിക്കൽ ഡയറക്ടർ ഡോ. കെ.എം. സൂരജ് കെ എം മുഖ്യാതിഥിയായിരുന്നു. സങ്കീർണമായ ശസ്ത്രക്രിയകൾ ഒഴിവാക്കി രോഗികൾക്ക് ഏറ്റവും സുരക്ഷിതമായ ചികിത്സ ഉറപ്പാക്കുന്നതിൽ ഡോ. കെ.ജി. സാബുവിന്റെ നേതൃത്വത്തിലുള്ള ആറംഗ മെഡിക്കൽ സംഘം കൈവരിച്ച വലിയ മുന്നേറ്റമാണിതെന്ന് ഡോ. സൂരജ് പറഞ്ഞു.
ദഹനപ്രക്രിയയുമായി ബന്ധപ്പെട്ട രോഗനിർണയത്തിനും ചികിത്സകൾക്കുമായി നിരവധി നൂതന സംവിധാനങ്ങളാണ് കണ്ണൂർ ആസ്റ്റർ മിംസിലുള്ളത്. രോഗികൾക്ക് കൂടുതൽ മികച്ച സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അടുത്ത മൂന്നു മാസത്തിനുള്ളിൽ എൻഡോസ്കോപിക് സ്യൂച്ചറിംഗ് ഡിവൈസ് എന്ന പുതിയ സാങ്കേതികവിദ്യ കൂടി ആശുപത്രിയിൽ ലഭ്യമാക്കുമെന്ന് ആസ്റ്റർ മിംസ് സിഒഒ ഡോ. അനൂപ് നമ്പ്യാർ പറഞ്ഞു. ദഹനാവയവങ്ങളിലെ തകരാറുകൾ പരിഹരിക്കുന്നതിന് നിലവിലുള്ള ശസ്ത്രക്രിയകൾക്ക് പകരമായി ഉപയോഗിക്കാവുന്ന അത്യാധുനിക സംവിധാന മാണിത്.
ഈ പുതിയ സാങ്കേതികവിദ്യ ലഭ്യമാകുന്നതോടെ വലിയ ശസ്ത്രക്രിയകൾ ഇല്ലാതെ തന്നെ ആമാശയത്തിലെയും കുടലിലെയും തകരാറുകൾ കൂടുതൽ വേഗത്തിൽ പരിഹരിക്കാൻ സാധിക്കുമെന്ന് ഗാസ്ട്രോ വിഭാഗം മേധാവി ഡോ. കെ.ജി. സാബു പറഞ്ഞു. ഡോ. സുപ്രിയ രഞ്ജിത്, ഗാസ്ട്രോ വിഭാഗം ഡോക്ടർമാരായ പി. ജാവേദ്, ആർ. കവിത, വിവേക് കുമാർ, വിജോഷ് , ജസീം അൻസാരി, ഗ്യാസ്ട്രോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ഡോ. ദിലീപ് കുമാർ, ഗാസ്ട്രോ സർജറി വിഭാഗം ഡോ. ബി.എൽ. അമിത്, റഹീഫ് തുടങ്ങിയവർ പങ്കെടുത്തു.
District News
പഴയങ്ങാടി: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പഴയങ്ങാടിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. മാടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ചും സതീശൻ നയിക്കട്ടെ എന്ന മുദ്രാവാക്യം മുഴക്കിയും കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയത്.
ഇതിനിടെ പഴയങ്ങാടിയിൽ കെ.സി. വേണുഗാപാൽ അനുകൂലികൾ സ്ഥാപിച്ച ബോർഡ് അഴിച്ച് വലിച്ചെറിഞ്ഞതെന്നും പറയുന്നു. പ്രകടനത്തിന് ബി.പി. ഗോകുലൻ, പാറയിൽ കൃഷ്ണൻ, കെ. കുമാരൻ, എസ്.വി. നാസർ എന്നിവർ നേതൃത്വം നൽകി. പഴയങ്ങാടി മേഖലയിൽ വി.ഡി. സതീശനെയും കെ.സി. വേണുഗോപാലിനെയും പിന്തുണച്ച് നിരവധി ബോർഡുകൾ പ്രവർത്തകർ സ്ഥാപിച്ചിട്ടുണ്ട്.
District News
ഇരിട്ടി: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയുടെ മണ്ഡലത്തിൽ വി.ഡി. സതീശനായി യുഡിഎഫ് പ്രവർത്തകരുടെ പ്രകടനം. പടം നയിച്ചവൻ കേരളം നയിക്കട്ടെ എന്നെഴുതി ഉമ്മൻചാണ്ടിയും വി.ഡി. സതീശനും ഒരുമിച്ചുള്ള പോസ്റ്റുകൾ ഉയർത്തിയാണ്പ്രകടനം നടത്തിയത്. യുഡിഎഫ് സിന്ദാബാദ്, വി.ഡി. സതീശൻ സിന്ദാബാദ് എന്ന മുദ്രാവാക്യം ഉടനീളം മുഴക്കിയായിരുന്നു പ്രകടനം. ഇന്നലെ രാവിലെ മുതൽ സോഷ്യൽ മീഡിയ വഴി പ്രകടനം സംബന്ധിച്ചു പ്രചാരണം ഉണ്ടായിരുന്നെങ്കിലും സംഘാടകർ ആരെന്നു വെളിപ്പെടുത്തിയിരുന്നില്ല.
വൈകുന്നേരം അഞ്ചരയോടെ പ്രവർത്തകർ നഗരത്തിൽ ഒത്തുചേർന്ന ശേഷമായിരുന്നു കോൺഗ്രസ്, ലീഗ് പ്രവർത്തകരുടെ പ്രകടനം. സണ്ണി ജോസഫിന്റെ വിജയത്തിനുവേണ്ടി അക്ഷീണം പ്രവർത്തിച്ചവരാണു തങ്ങളെന്നും ഇക്കാര്യത്തിൽ സണ്ണി ജോസഫിൽനിന്ന് വി.ഡി. സതീശന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നും സണ്ണി ജോസഫിനു കൂടി മുദ്രാവാക്യം വിളിച്ച പ്രവർത്തകർ പറഞ്ഞു. വി.ഡി. സതീശനെ തഴയുന്ന സമീപനം ഉണ്ടായാൽ സതീശനായി തെരുവിലിറങ്ങുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
കോൺഗ്രസ് മുൻ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റി പ്രസിഡന്റ് തറാൽ ഈസ, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി കെ. ശ്രീകാന്ത്, അയ്യൻകുന്ന് പഞ്ചായത്തംഗം ഷിബോ കൊച്ചുവേലിക്കകം, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടി, മുൻ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഐസക് ജോസഫ്, നേതാക്കളായ ഷൈജൻ ജേക്കബ്, വി. രാജു, നാസർ ചാത്തോത്ത്, ജാൻസൺ മണിമലനിരപ്പേൽ, സജി മച്ചിത്താനി, സുനിൽ ചെറുകാന എന്നിവർ നേതൃത്വം നൽകി. അയ്യൻകുന്ന് പഞ്ചായത്തിലെ ആനപ്പന്തിയിൽ വി.ഡി. സതീശനായി ബോർഡും ഉയർത്തിയിട്ടുണ്ട്.
പ്രകടനം പഴയ സ്റ്റാൻഡ് ജംഗ്ഷനിൽ അവസാനിച്ചതിനു പിന്നാലെ കോൺഗ്രസിൽനിന്ന് പുറത്താക്കിയ മുൻ ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗീസ് ചാനലുകളോട് സണ്ണി ജോസഫിനെതിരെ പ്രതികരിക്കാൻ ശ്രമിച്ചത് യുഡിഎഫ് പ്രവർത്തകരെ പ്രകോപിതരാക്കി.
സ്ഥലത്ത് സംഘർഷാവസ്ഥയും ഉടലെടുത്തു. തോമസ് വർഗീസിനും പ്രതികരണമെടുക്കുന്ന ചാനലുകൾക്ക് എതിരെയും പ്രവർത്തകർ തിരിഞ്ഞതോടെ നേതാക്കൾ ഇടപെട്ടാണ് ഇവരെ ശാന്തരാക്കിയത്. ഇതിനിടെ തോമസ് വർഗീസ് സ്ഥലത്തുനിന്നു മാറിയതിനാലാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നത്.
District News
കണ്ണൂർ: തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഎമ്മിൽ നേതൃമാറ്റം ഉൾപ്പെടെ ആവശ്യപ്പെട്ട് വീണ്ടും ബോർഡുകൾ. പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മണ്ഡലത്തിലുമാണ് ഫ്ലക്സ് ബോര്‍ഡുകള്‍ ഉയർന്നത്. തളിപ്പറമ്പ് മണ്ഡലത്തിലെ കുറുമാത്തൂരിൽ സ്ഥാപിച്ച ബോർഡിൽ ജില്ലാ സെക്രട്ടറിയായി വിപ്ലവ സൂര്യൻ സഖാവ് പി. ജയരാജൻ, സംസ്ഥാന സെക്രട്ടറിയായി എം. സ്വരാജും എന്ന വാചകമാണ് കുറിച്ചത്. കുറുമാത്തൂര്‍ സഖാക്കള്‍ എന്ന പേരിലാണ് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
" വ്യക്തികളായ നേതാക്കന്മാർ നേതാക്കന്മാരായി വന്നത് അവർ ഈ രാജ്യത്തെ ജനങ്ങളെ സേവിച്ചതു കൊണ്ടാണ്...ജനങ്ങളെ സേവിക്കുക എന്ന ജോലിവിട്ട് വേറെ എന്തെങ്കിലും ചെയ്യാന്‍ തുടങ്ങിയാല്‍ ആ നേതാവിനെ ജനങ്ങള്‍ കീഴ്പ്പെടുത്തും' എന്നും ബോർഡിൽ എഴുതിയിട്ടുണ്ട്. സ്വരാജിന്റെയും ജയരാജന്റെയും ചിത്രത്തിനൊപ്പം ഇഎംഎസിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി. ജയരാജനെ അനുകൂലിച്ചു കൊണ്ട് പിണറായി വിജയന്റെ ധർമടം മണ്ഡലത്തിൽപ്പെട്ട കടമ്പൂർ പഞ്ചായത്തിലെ ആഡൂരിലും ബോർഡ് ഉയർന്നിരുന്നു. പി ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ എന്നാണ് ബോർഡിൽ കുറിച്ചത്.
പാർട്ടിയെ തകർക്കാമെന്നത് വ്യാമോഹം മാത്രം: സിപിഎം
തളിപ്പറന്പ്: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ രാത്രിയിൽ പോസ്റ്റർ ഒട്ടിച്ചും സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളിലൂടെ പ്രചാരണം നടത്തിയും പാർട്ടിയെ തകർക്കാമെന്ന് രാഷ്ട്രീയ എതിരാളികൾ കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹം മാത്രമാണെന്ന് സിപിഎം തളിപ്പറന്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷ് പ്രസ്താവനയിൽ പറഞ്ഞു.
കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് തെരഞ്ഞെടുപ്പുകൾ ആശയ പ്രചാരണവേദിയും രാഷ്ട്രീയാടിത്തറ വിപുലപ്പെടുത്താനുള്ള അവസരവുമായാണ് കാണുന്നത്. അതുകൊണ്ട് തെരഞ്ഞെടുപ്പ് പരാജയം കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനമാണെന്ന് കരുതുന്നത് തെറ്റാണ് . ഈയൊരു തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ സംസ്ഥാന സെക്രട്ടറിയെയും ജില്ല സെക്രട്ടറിയെയും ഉൾപ്പടെയുള്ള നേതാക്കളെ തെരഞ്ഞുപിടിച്ച് ഒറ്റപ്പെട്ട ചില കേന്ദ്രങ്ങളിൽ തെരുവിൽ വ്യക്തിഹത്യ നടത്തുന്നത് പാർട്ടി വിരുദ്ധരാണെന്ന് പ്രവർത്തകർ തിരിച്ചറിയണം.
പാർട്ടിയെ തകർക്കാൻ കാത്തുനിൽക്കുന്ന വലതുപക്ഷക്കാർ ഇത് അവസരമായി കണ്ട് പോസ്റ്ററൊട്ടിച്ചും സമൂഹമാധ്യമങ്ങളിൽ കമന്റുകളായും പോസ്റ്റുകളായും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും സന്തോഷ് പറഞ്ഞു.
District News
ഇരിട്ടി: ഭൂഗർഭ ജല വിതാനം ഉയർത്തുക, ജലസാക്ഷരതയും ജല സുരക്ഷയും ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ട് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ജല സുരക്ഷാ-സാക്ഷരത കാമ്പയിന് രൂപം നൽകി. ബ്ലോക്ക് പരിധിയിലെ തോടുകൾ, പുഴകൾ, പഴശി അണക്കെട്ട് എന്നിവ മാലിന്യമുക്തമാക്കൽ, ഭൂജല സുസ്ഥിരത കൈവരിക്കൽ, കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തൽ, ജല സാക്ഷരതാ വ്യാപനം തുടങ്ങിയ ലക്ഷ്യങ്ങളാണ് കാമ്പയിൻ വിഭാവനം ചെയ്യുന്നത്.
ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയിൽ ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്ത് ഭരണ സമിതികളും പങ്കാളികളാകും. ആലോചന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സരള അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എം. സുമേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ. സജീവൻ, മുരളിധരൻ കൈതേരി, സി. സജീവൻ, എം. വിനോദ് കുമാർ, മിനി വിശ്വനാഥൻ, വി.ശോഭ, തൊഴിലുറപ്പ് പദ്ധതി ജെപിസി രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. പൊന്നപ്പൻ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, ബ്ലോക്ക് കോ-ഓർഡിനേറ്റർ ജയപ്രകാശ് പന്തക്ക എന്നിവർ പ്രസംഗിച്ചു.
കാമ്പയിനിൽ ഗ്രന്ഥശാലാ സംഘങ്ങൾ, കോളജ്-സ്കൂൾ എൻഎസ്എസ് അംഗങ്ങൾ, മത സ്ഥാപനങ്ങൾ, വ്യാപാരി വ്യവസായി സംഘടനകൾ, വിവിധ സർക്കാർ വകുപ്പുകൾ, സഹകരണ ബാങ്കുകൾ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നിവ പങ്കാളികളാകും. ബ്ലോക്ക്തലത്തിലും പഞ്ചായത്ത് തലത്തിലും സംഘാടക സമിതികൾ രൂപീകരിക്കും. ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ കാമ്പയിൻ ഉദ്ഘാടനം ചെയ്യും.
District News
കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ എട്ടാം വാർഡിൽ കൊളക്കാടിനും തൊണ്ടിക്കും ഇടയിലുള്ള പോണാട്ടുപാലം അപകടാവസ്ഥയിൽ. പാലത്തിന്റെ അടിഭാഗത്തെ തൂണിന്റെയും പാലത്തിന്റെയും കോൺക്രീറ്റിന്റെ പാളികൾ അടർന്ന് ഇരുന്പുകന്പികൾ പുറത്തായി ദ്രവിച്ച നിലയിലാണ്. കൈവരികളും തകർന്നിട്ടുണ്ട്.
1982ൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച പാലം നിലവിൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിലും റോഡ് പൊതുമരാമത്തിന്റെ പരിധിയിലുമാണ്. രണ്ടു വകുപ്പുകളുടെ കീഴിലായതിനാലാണ് പാലത്തിന്റെ നവീകരണം വൈകുന്നതെന്നാണ് പറയുന്നത്. പാലം നവീകരിക്കണമെങ്കിൽ ആദ്യം പൊതുമരാമത്ത് വകുപ്പിന് പാലം കൈമാറണം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉണ്ടാകുന്നില്ല.
ദിവസേന നിരവധി ചരക്കുവാഹനങ്ങളും യാത്രാ വാഹനങ്ങളും കടന്നുപോകുന്ന പാലമാണ് ഏതു സമയവും തകർന്നു വീണേക്കാമെന്ന അവസ്ഥയിലായത്. ഇവിടെ വലിയ അപകട സാധ്യതയാണ് നിലനിൽക്കുന്നതെന്നും മഴ ശക്തമാകുന്നതിന് മുന്‍പ് പരിഹാര നടപടികൾ വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
District News
ഇരിട്ടി: ആറളം ഫാമിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ പ്രതിരോധ സംവിധാനം ഒരുക്കിയുള്ള കാട്ടാന പ്രതിരോധ ശ്രമവും പാളുന്നു. ഇവിടെ സ്ഥാപിച്ച സോളാർ തൂക്കുവേലികൾ കാട്ടാനകൾ പിഴുതെറിഞ്ഞു. സ്വകാര്യ സംരംഭകർക്ക് പാട്ടത്തിന് നൽകിയ ഫാം ഭൂമിയിൽ സ്ഥാപിച്ച സോളാർ തൂക്കുവേലിയാണ് കഴിഞ്ഞ ദിവസങ്ങളിൽ ആനക്കൂട്ടം വ്യാപകമായി നശിപ്പിച്ചത്.
ഫാമിന്റെ ഒന്ന്, രണ്ട് ബ്ലോക്കുകളിലെ വേലികളും വനാതിർത്തിയിൽ സ്ഥാപിച്ച വേലിയുമാണ് തകർത്തത്. തൂക്കുവേലി സ്ഥാപിക്കാൻ നിർമച്ച തൂണുകൾ പിഴുതെറിഞ്ഞണ് പ്രതിരോധ സംവിധനത്തെ ആനക്കൂട്ടം മറികടക്കുന്നത്. വനാതിർത്തിയിൽ സ്ഥാപിച്ച വേലിക്ക് മുകളിലേക്ക് മരങ്ങൾ വീഴ്ത്തിയും വേലികൾ തകർക്കുന്നുണ്ട്. ഫാമിനുള്ളിൽ തന്പടിച്ചിരിക്കുന്ന ആനകളാണ് പ്രതിരോധ വേലികൾ തകർക്കുന്നത്. ഫാമിന്റെ പാലപ്പുഴ ഭാഗങ്ങളിൽ പുതുതായി വേലി സ്ഥാപിക്കാനായി കുഴിച്ചിട്ട ആറ് തൂണുകൾ കഴിഞ്ഞ രാത്രി ആനക്കൂട്ടം ചവിട്ടി ഒടിച്ചിരിക്കുകയാണ്.
ആനമതിൽ നിർമാണം വൈകുന്നതിനാൽ വനതാർത്തിയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച വേലി ദിനംപ്രതി തകർക്കുന്നുണ്ടെങ്കിലും വനം ദ്രുതകർമസേന അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. ഇതു കൊണ്ടു മാത്രമാണ് ഇപ്പോൾ പഴയ നിലയിൽ കാട്ടാനകൾ ഫാമിനുള്ളിലേക്ക് എത്താതിരിക്കുന്നത്.
ഫാം മേഖലയിൽ കശുമാങ്ങയുടെ ലഭ്യത കുറഞ്ഞതോടെ കാട്ടനകൾ വീണ്ടും വ്യാപകമായി വിളകൾ നശിപ്പിക്കലും പതിവായി. തെങ്ങുകൾ വീണ്ടും കുത്തിവീഴ്ത്തി നശിപ്പിക്കുന്നുണ്ട്. കശുമാങ്ങയും ചക്കയും ഫാമിൽ നിന്ന് ഇഷ്ടം പോലെ ലഭിച്ചിരുന്നതിനാൽ കഴിഞ്ഞ കുറേ മാസങ്ങളായി തെങ്ങുകൾക്ക് നേരെയുള്ള അക്രമണം കുറവായിരുന്നു. ഫാമിനുള്ളിൽ പത്തിലധികം ആനകളുണ്ടെന്നാണ് ഫാമിലെ ചെത്ത് തൊഴിലാളികളും ജീവനക്കാരും പറയുന്നത്.
ഓപ്പറേഷൻ ഗജമുക്തി തുടരും
വേനൽ മഴ ലഭിച്ച് ചൂടിന് ശമനമാകുന്നതോടെ ഓപ്പറേഷൻ ഗജമുക്തിയെന്ന ആനതുരത്തൽ ദൗത്യം പുനരാരംഭിക്കാനാണ് അധികൃതരുടെ തീരുമാനം.
ഫാമിനുള്ളിലെ പൊന്തക്കാടുകളിൽ നിന്ന് ആനകളെ എളുപ്പത്തിൽ പുറത്തേക്ക് എത്തിച്ച് വനത്തിലേക്ക് തുരത്താനാകുമെന്നാണ് പ്രതീക്ഷ. മേഖലയിൽ ഒന്ന് രണ്ട് ശക്തമായ വേനൽ മഴ ലഭിച്ചതിനാൽ വനത്തിനുള്ളിൽ ജലത്തിന്റെ ലഭ്യതയും ഉറപ്പാക്കിയ ശേഷമായിരിക്കും തുരത്തൽ നടപടികൾ ആരംഭിക്കുക.
വനത്തിനുള്ളിലേക്ക് കടന്ന ആനകൾ വീണ്ടും ഫാമിനുള്ളിലേക്ക് തിരികെ പ്രവേശിക്കാതിരിക്കാണ് വനത്തിനുള്ളിൽ ജലലഭ്യത ഉറപ്പു വരുത്തുന്നത്. ആനകൾ സ്ഥിരമായി താവളമാക്കുന്ന ജനവാസ മേഖലയിലെ പൊന്തക്കാടുകൾ സമീപം ആനകളെ ഏറുമാടങ്ങൾ കെട്ടി നിരീക്ഷിക്കുന്നതിനും ആനകളുടെ സ്ഥിരം സഞ്ചാര മാർഗങ്ങൾ നിരീക്ഷിക്കുന്നതിനായി നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതും ആലോചനയിലുണ്ട്.
സ്കൂൾ സീസൺ ആരംഭിക്കുന്നതിന് മുമ്പ് ജനവാസ മേഖലയിലെ കാട്ടാനകളെ മുഴുവൻ വനത്തിനുള്ളിലേക്ക് തുരത്താനുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്.
District News
കണ്ണൂർ: സർക്കാർ കരാറുകാർക്ക് നിർമാണ പ്രവൃത്തികൾ ഏറ്റെടുത്തു പൂർത്തിയാക്കിയ വകയിൽ പതിനായിരം കോടി രൂപ ലഭിക്കാനുണ്ടെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി. രാജൻ. ദേശീയപാത അഥോറിറ്റിയും വിവിധ സംസ്ഥാന സർക്കാരുകളും കരാറുകാർക്കുണ്ടാകുന്ന നഷ്ടം നികത്താൻ ഉത്തരവുകളിറക്കിയെങ്കിലും കേരള സർക്കാർ മാത്രം യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതു കാരണം റോഡ്-കെട്ടിട നിർമാണങ്ങൾ സ്തംഭിച്ചിരിക്കുകയാണെന്ന് രാജൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഫലമായി ടാർ, സ്റ്റീൽ തുടങ്ങിയ നിർമാണ വസ്തുക്കൾക്ക് 90 ശതമാന ത്തോളമാണ് വിലവർധനവ് ഉണ്ടായിട്ടുള്ളത്. അനുകൂല തീരുമാനങ്ങൾ പുതിയ സർക്കാരിൽ നിന്ന് ഉണ്ടാകും എന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്ത് മേയ് 20ന് ചേരുന്ന കൺവൻഷനിൽ ഈക്കാര്യം സർക്കാരിനോടാവശ്യപ്പെടും. ഫലം ഉണ്ടായില്ലെങ്കിൽ സമരമുൾപ്പെടെ പ്രതിഷേധ പരിപാടികൾ തീരുമാനിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ഊരാളുങ്കൽ ഉൾപ്പെടെയുള്ള അക്രെഡിറ്റ് ഏജൻസികൾക്ക് അനർഹമായ ആനുകൂല്യങ്ങൾ നല്കിയ തിനാൽ ഭീമമായ നഷ്ടമാണ് സർക്കാരിന് ഉണ്ടായത്. ടെൻഡർ നടപടി നിയമപരമായി മാത്രം നടത്താ ൻ പുതിയ സർക്കാർ തയാറാകണമെന്നും നേതാക്കൾ പറഞ്ഞു. പത്രസമ്മേളനത്തിൽ സുനിൽ പോള, പി.ഐ. രാജീവ്, ഇഷമൽ, കെ.പി. ആഷിഖ് എന്നിവർ പങ്കെടുത്തു.
District News
വിളക്കന്നൂർ: വിളക്കന്നൂർ ക്രിസ്തുരാജ പള്ളി തിരുനാൾ ഇന്നു മുതൽ പത്തുവരെ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊടിയേറ്റും.
4.30ന് ദിവ്യകാരുണ്യ സന്നിധിയിൽ. അഞ്ചിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോബി കോവട്ട് കാർമികത്വം വഹിക്കും. തുടർന്ന് തിരുമുഖ നൊവേന, സെമിത്തേരി സന്ദർശനം. രാത്രി ഏഴിന് ബൈബിൾ ഡ്രാമ "മറിയം' അരങ്ങേറും.
നാളെ രാവിലെ ഒന്‍പത് മുതൽ ഉച്ചകഴിഞ്ഞു രണ്ടുവരെ ദിവ്യകാരുണ്യ കൺവൻഷൻ. വൈകുന്നേരം 4.30ന് ദിവ്യകാരുണ്യ സന്നിധിയിൽ. അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന, വചനസന്ദേശം എന്നിവയ്ക്ക് ഫാ. ജെൻസൺ ലാസ് ലെറ്റ് കാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, സമാപന ആശിർവാദം.
സമാപന ദിനമായ 10ന് രാവിലെ 5.30, 7.30, 9.30, ഉച്ചയക്ക് 12.30, ഉച്ചകഴിഞ്ഞ് 3.30, 5.30, 7.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന നടക്കും. രാവിലെ ഒന്‍പതിന് ദിവ്യകാരുണ്യ സന്നിധിയിൽ. 9.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജോസഫ് കാക്കരമറ്റത്തിൽ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, സമാപന ആശിർവാദം.
District News
കണ്ണൂർ: കണ്ണൂർ ജില്ലാ പോലീസ് സൊസൈറ്റിയിൽ 2022-23 വർഷത്തെ ഓഡിറ്റിൽ കണ്ടെത്തിയ ക്രമക്കേട് സൊസൈറ്റി പ്രസിഡന്റും സെക്രട്ടറിയും ഓഡിറ്ററും ചേർന്ന് പുറത്തറിയിക്കാതെ ഒത്തു തീർപ്പാക്കിയെന്ന് ഗുരുതരമായ ആരോപണം.
2022-23 വർഷത്തെ ഓഡിറ്റിൽ നിരവധി കാഷ് വൗച്ചറുകളുടെ അഭാവം കണ്ടെത്തിയിരുന്നു. ഇത് ഹാജരാക്കാൻ പ്രസിഡന്റ് സെക്രട്ടറിക്ക് രേഖാമൂലം 14-09-23ന് നോട്ടീസ് നൽകുകയും ഹാജരാക്കിയില്ലെങ്കിൽ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറയുകയും ചെയ്തിരുന്നു.
എന്നാൽ ഹാജരാക്കാൻ ആവശ്യപ്പെട്ട കാഷ് വൗച്ചറുകൾ ഹാജരാക്കാതെ തന്നെ ഓഡിറ്റ് പൂർത്തിയാക്കി റിമാർക്ക്സോടെ ക്രമക്കേടുകളില്ലെന്ന് രേഖപ്പെടുത്തി പ്രസിദ്ധീകരിച്ചുമെന്നാണ് ആരോപണം. കാഷ് വൗച്ചറുകളും മറ്റു രേഖകളും ചുരുങ്ങിയത് 10 വർഷമെങ്കിലും ഓഫീസിൽ സൂക്ഷിക്കണം എന്ന നിബന്ധന പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്.
കൂടാതെ 2024-25 സാമ്പത്തിക വർഷത്തിൽ സൊസൈറ്റിയുടെ കീഴിലുള്ള സ്റ്റോർ വഴി പോലീസ് യൂണിഫോം വിതരണം ചെയ്യാൻ ഭരണ സമിതി തീരുമാനം എടുത്തിരുന്നുവെങ്കിലും ഇല്ലാത്ത കന്പനിക്ക് ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. പ്രസിഡന്റ് സ്വന്തം ഇഷ്ടപ്രകാരം യൂണിഫോം നൽകേണ്ട സ്ഥാപനത്തിന് അഡ്വാൻസ് നൽകാതെ യൂണിഫോം തുണികൾ ലഭിക്കുന്നതിനിടെ തന്നെ മുഴുവൻ തുകയുടെയും ചെക്ക് നൽകുകയും ചെയ്തു. എന്നാൽ ഇതുവരെയായും ചില സേനാംഗങ്ങൾക്ക് യൂണിഫോം തുണി ലഭിച്ചിട്ടില്ല.
ലഭിക്കാത്തവർ ഇതു സംബന്ധിച്ച് കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി. പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണം പ്രഹസനമായിരുന്നുവെന്ന് അംഗങ്ങൾ തന്നെ ആരോപിക്കുന്നുണ്ട്.
സൊസൈറ്റിയുടെ സ്റ്റോർ വഴി പർച്ചേസ് ചെയ്യുന്ന സാധന സാമഗ്രികൾ ഭരണ സമിതിയുമായി ആലോചിക്കാതെ പ്രസിഡന്റ് സ്വന്തം ഇഷ്ടപ്രകാരം ക്രയവിക്രയം ചെയ്തു വ്യാപക ക്രമക്കേടുകൾ നടത്തുന്നതായും ആരോപണമുണ്ട്.
വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഇവർക്കെതിരെ നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. സൊസൈറ്റിയിൽ അനാവശ്യ തസ്തികകളായ പ്യൂൺ, നൈറ്റ് വാച്ച് തസ്തികകൾ സൃഷ്ടിച്ച് സിപിഎം ജില്ലാകമ്മിറ്റിയുടെ നിർദേശ പ്രകാരമുള്ളവർക്ക് ജോലി നൽകാൻ നീക്കം നടക്കുന്നതായും പരാതി ഉയരുന്നുണ്ട്.
District News
കോട്ടയം: പകല്ച്ചൂടില് കോട്ടയം നഗരത്തില്‍ എത്തുന്നവര്‍ക്ക് ഒന്നു ചില് ചെയ്യാന്‍ നല്ല തണുത്ത ബോള്‍ ഗ്രേപ് ജ്യൂസോ, തണ്ണിമത്തന് ഷെയ്ക്കോ ആസ്വദിക്കാം. നാഗമ്പടം നെഹ്റു പാര്‍ക്കിനു മുന്നിലാണ് സച്ചിന് സെബാസ്റ്റ്യനും സഹോദരി അന്ന സെബാസ്റ്റ്യനും കൂട്ടുകാരി അന്‍സാ ബിജോഷും "ഫ്രിസോ' എന്ന ബ്രാന്‍ഡ് നെയിമില്‍ ജ്യൂസുകളുടെ വില്പന നടത്തുന്നത്.
ഒരു വര്‍ഷം മുമ്പ് ഏവിയേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ സച്ചിന് ഭക്ഷണ മേഖലയില്‍ സംരംഭം തുടങ്ങാനായിരുന്നു താത്പര്യം. അങ്ങനെ ഒരു മാസത്തിനുള്ളില്‍ സംരംഭത്തിനാവശ്യമായ എഫ്എസ്എസ്എഐ ലൈസന്‍സടക്കം സ്വന്തമാക്കി. ഒരാഴ്ച മുമ്പ് ഉത്പന്നം വിപണിയിലുമിറക്കി. ജ്യൂസ് വിപണിയില്‍ അധികമില്ലാത്ത ബ്രാന്‍ഡഡ് ജ്യൂസുകളായ ബോള്‍ ഗ്രേപ്, തണ്ണിമത്തന് ഷെയ്ക്ക് എന്നിവയാണ് വിപണിയില്‍ എത്തിച്ചത്. മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, തിയറ്ററുകള്‍ എന്നിവയാണ് ലക്ഷ്യമിടുന്ന വിപണന കേന്ദ്രങ്ങള്‍.
പൊതുജനങ്ങളിലേക്ക് കൂടുതലായി ഉത്പന്നം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെഹ്റു പാര്‍ക്കിനു മുന്നിലെ കച്ചവടം. സഹോദരി അന്നയ്ക്ക് ബിസിനസില്‍ താത്പര്യമുള്ളതിനാലാണു വില്പനയ്ക്കു സഹായിക്കാനായി എത്തിയത്. വീട്ടില്‍ അഞ്ചു ജോലിക്കാരുടെ സഹായത്തോടെയാണ് ജ്യൂസ് നിര്‍മാണം. 300 മില്ലി ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പികളിലാണ് ജ്യൂസ് പാക്ക് ചെയ്യുന്നത്. 50 രൂപയാണ് വില. പാക്കിംഗ് യന്ത്രസഹായമില്ലാതെയാണ് ചെയ്യുന്നത്. ഇപ്പോള്‍ ദിവസവും 250 കുപ്പി ജ്യൂസാണ് വില്പനയ്ക്ക് എത്തിക്കുന്നത്. ഒരാഴ്ചയ്ക്കിടെ 1500 ഓളം കുപ്പി ജ്യൂസുകള്‍ വിറ്റു പോയെന്ന് സച്ചിന് പറയുന്നു. ജ്യൂസ് തയാറാക്കാന്‍ ആവശ്യമായി പഴങ്ങള്‍ വാങ്ങുന്നതു കോട്ടയത്തുനിന്നുമാണ്.
പ്രഫഷണല്‍ ജോലിയേക്കാള്‍ സംരംഭം സ്വപ്നം കാണുന്ന സച്ചിന് പിന്തുണയുമായി മാതാപിതാക്കളായ കടുവാക്കുളം മംഗ്ലാവില്‍ സന്തോഷും അനുവുമുണ്ട്. കൈയ്യിലുണ്ടായിരുന്ന സമ്പാദ്യവും മാതാപിതാക്കളുടെ സഹായവുമാണ് ബിസിനസിന്റെ ആദ്യഘട്ടത്തില്‍ സച്ചിനെ സഹായിച്ചത്. ഇതിനൊപ്പം റിയല്‍ എസ്റ്റേറ്റ്, ഇന്റീരിയര്‍ വര്‍ക്ക് തുടങ്ങിയ മേഖലകളിലും സച്ചിന് പ്രവര്‍ത്തിക്കുന്നുണ്ട്.
District News
ചേര്‍പ്പുങ്കല്‍: കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗിലെ ഒന്‍പതാമത് ബാച്ച് ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം നിമ്മി മാനുവല്‍ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിസിറ്റേഷന്‍ കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് എസ്വിഎം അധ്യക്ഷത വഹിച്ചു.
മികച്ച വിദ്യാര്‍ഥിക്കുള്ള പുരസ്കാരം സിസ്റ്റര്‍ ഇമ്മാക്കുലേറ്റും ബെസ്റ്റ് ബെഡ്സൈഡ് നഴ്സ് അവാര്‍ഡ് കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടും സമ്മാനിച്ചു. സിബിസിഐ അവാര്‍ഡ് ജേതാവായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിനെ യോഗത്തില്‍ ആദരിച്ചു. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് കോളജ് ന്യൂസ് ലെറ്റര്‍ പ്രകാശനം ചെയ്തു.
അമേരിക്കയിലെ യുഎന്‍എല്‍വി റിട്ട. പ്രഫ.ഡോ. ആലീസ് മാത്യു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ലിറ്റില്‍ ലൂര്‍ദ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ജോസീന എസ്വിഎം, എല്‍എല്‍എം ഹോസ്പിറ്റല്‍ ചീഫ് നഴ്സിംഗ് ഓഫീസര്‍ സിസ്റ്റര്‍ അനിറ്റ് എസ്വിഎം, എല്‍എല്‍എം ഹോസ്പിറ്റല്‍ ചാപ്ലയിന്‍ ഫാ. ജോസ് കടവില്‍ചിറയില്‍, സിഎംഒ ഡോ. സിസ്റ്റര്‍ ലത എസ്വിഎം, പിടിഎ പ്രസിഡന്റ് എന്‍.എന്‍. ജയന്, പ്രഫ. സിസ്റ്റര്‍ ജാനി എസ്വിഎം എന്നിവര്‍ പ്രസംഗിച്ചു.
District News
കോട്ടയം: വി.ഡി. സതീശനായി കോട്ടയം നഗരത്തിലും ഫ്ളെക്സ് ബോര്‍ഡ്.
കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്താണ് ഫ്ളെക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. "വി.ഡി. നിലപാടുകളുടെ രാജകുമാരന്’ എന്നാണ് ഫ്ളെക്സ് ബോര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എംജി യൂണിവേഴ്സിറ്റി കെഎസ്യു പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയുടെ പേരിലാണ് ഫ്ളെക്സ് ബോര്‍ഡ്. ജില്ലയുടെ മറ്റ് പ്രദേശങ്ങളിലും വി.ഡി. സതീശന് അനുകൂലമായി ഫ്ളെക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞദിവസം പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ കെ.സി. വേണുഗോപാലിന് അനുകൂലമായി ഫ്ളെക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ദിവസങ്ങള്‍ക്കു മുമ്പു കോട്ടയത്ത് ഗാന്ധി സ്ക്വയറിലും കെ.സി. വേണുഗോപാലിനെ അനുകൂലിച്ചു ഫ്ളെക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. പിറ്റേദിവസം ഈ ഫ്ളെക്സ് ബോര്‍ഡുകളില്‍ ഒരെണ്ണത്തില്‍ കരിഓയിൽ ഒഴിച്ചതായി കാണപ്പെട്ടിരുന്നു.
District News
കോട്ടയം: തിരുവഞ്ചൂര്‍ നീലാണ്ടപ്പടിയില്‍ നായയുടെ ആക്രമണം. ഏഴ് പേര്‍ക്കു കടിയേറ്റു. തിരുവഞ്ചൂര്‍ നീലാണ്ടപ്പടി മണ്ണൂപ്പറമ്പില്‍ അജിത, കാമ്മറ്റം കൊച്ചുമോന്, കാമറ്റം എന്‍എസ്എസ് കരയോഗം ഭാഗം ഭാസി, തിരുവഞ്ചൂര്‍ കാലയില്‍ കെ.പി. ബൈജു (51), പാറമ്പുഴ ജോസി എലിസബത്ത് ജോസ് (28), പാറമ്പുഴ മമ്മലില് ജി.എസ്. വര്‍ഗീസ് (69), തിരുവഞ്ചൂര്‍ കളപ്പുരയ്ക്കല്‍ കെ.എം. ഈപ്പന് (64), തിരുവഞ്ചൂര്‍ അരണാട്ട് ഗോപി എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. നീലാണ്ടപ്പടി ഭാഗത്ത് ഇന്നലെ വൈകുന്നേരം 6.30നാണ് സംഭവം.
കടിയേറ്റവര്‍ കോട്ടയം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടി. നാട്ടുകാരെ ആക്രമിച്ചത് തെരുവുനായ ആണെന്നായിരുന്നു ആദ്യം കരുതിയത്. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണു പ്രദേശത്തെ ഒരു വീട്ടില്‍ വളര്‍ത്തിയിരുന്ന നായയാണെന്ന സംശയമുയര്‍ന്നത്. ആക്രമിച്ച നായയുടെ കഴുത്തില്‍ ബെല്‍റ്റ് ഉണ്ടായിയിരുന്നു. നായയ്ക്കു പേവിഷബാധയുള്ളതായി സംശയമുണ്ട്.
വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചെന്നും നായയെ പിടിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തതായും പഞ്ചായത്ത് അംഗങ്ങള്‍ അറിയിച്ചു.
District News
കൊച്ചി: സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിക്കുന്ന കാനഡ അഡ്മിറ്റ് ഡേ കൊച്ചി രവിപുരം ഓഫീസിൽ നാളെ രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ നടക്കും. മുൻനിര കനേഡിയൻ സർവകലാശാല, കോളജുകൾ എന്നിവിടങ്ങളിൽനിന്നുള്ള പ്രധിനിധികളെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നേരിട്ട് കണ്ട് സവംദിക്കാൻ അവസരമുണ്ടായിരിക്കും.
പ്ലസ് ടു, ഡിഗ്രി, മാസ്റ്റേഴ്സ് കഴിഞ്ഞവർക്കും റിസൾട്ട് കാത്തിരിക്കുന്നവർക്കും മൂന്നു വർഷത്തെ ഓപ്പൺ പെർമിറ്റോടു കൂടി ലേബർ മാർക്കറ്റ് അലൈൻഡ് സർട്ടിഫക്കറ്റ്, ഡിപ്ലോമ, ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് കോഴ്സുകൾക്ക് 16 മുതൽ 20 മാസം വരെ ഇന്റേൺഷിപ്പായി പഠിക്കാൻ അവസരം ഒരുക്കുകയാണ് കാനഡ അഡ്മിറ്റ് ഡേയുടെ ലക്ഷ്യമെന്നു സാന്റാ മോണിക്ക അധികൃതർ അറിയിച്ചു.
കനേഡിയൻ വിസ അപ്രൂവർ നിരക്ക് മികച്ച തലത്തിൽ തുടരുകയും ഓരോ വർഷവും നാലു മുതൽ അഞ്ചു ലക്ഷം പേർ കാനഡ പിആർ നേടുന്ന സാഹചര്യത്തിൽ ആയിര കണക്കിന് സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, മാസ്റ്റേഴ്സ് കോഴ്സുകളിൽ കൗൺസലിംഗ്, സ്പോട്ട് പ്രൊഫൈൽ അസസ്മെന്റിനും യോഗ്യരായവർക്ക് അടുത്ത് വരുന്ന ഇൻടേക്കുകളിലേക്ക് ഫാസ്റ്റ് ട്രാക്ക് ആപ്ലിക്കേഷൻ നേടാൻ പ്രത്യേക സംവിധാനവും കാനഡ അഡ്മിറ്റ് ഡേയിൽ ഒരുക്കിയിട്ടുണ്ട്.
യോഗ്യതാടിസ്ഥാനത്തിലുള്ള ആകർഷക സ്കോളർഷിപ്പുകളും തെരഞ്ഞെടുത്ത യൂണിവേഴ്സിറ്റി, കോളജുകൾ നൽകുന്ന ആപ്ലിക്കേഷൻ ഫീ ഇളവുകളും ഉണ്ടായിരിക്കും. വിദ്യാഭ്യാസ വായ്പാ സേവനത്തിനായി പ്രമുഖ ബാങ്കുകളുടെ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
സ്പോട്ട് അസസ്മെന്റ് ആഗ്രഹിക്കുന്നവർ പത്താം ക്ലാസ് മുതലുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പി, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ, ഐഇഎൽടിഎസ് സ്കോർ ഉണ്ടെങ്കിൽ അതും കരുതണം. കനേഡിയൻ പ്രൊവിൻഷ്യൽ സർക്കാരുകൾ നൽകിവരുന്ന ആകർഷകമായ സ്കീമുകൾ, ട്യൂഷൻ ഫീ സബ്സിഡി ,തൊഴിലധിഷ്ഠിത കോഴ്സുകൾ, വിദ്യാഭ്യാസ വായ്പ, സ്കോളർഷിപ്പ്, ഇന്റേൺഷിപ്പ്, സ്റ്റേബാക്ക്, പിആർ, പാർട്ട് ടൈം, ഫുൾടൈം ജോലി തുടങ്ങിയവയെ വിശദ വിവരങ്ങൾ ലഭിക്കും.
മുൻകൂട്ടി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നവർക്ക് ഇ-മെയിലിൽ ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് എക്സ്പോയിൽ പ്രവേശിക്കാം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും.
വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും www.santamonica edu.in എന്ന സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484 4150999,
District News
ചമ്പക്കുളം: വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട്ടിൽ ജീവൻ രക്ഷാമാർഗമെന്ന നിലയിൽ നീന്തൽ പഠിപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ നീന്തൽ പഠിക്കാനാഗ്രഹമുള്ളവർ നീന്തൽ പഠിക്കുന്നത് മലിന ജലത്തിലാണ്. സമൃദ്ധിയായി വെള്ളമുള്ള പതിമൂന്ന് പഞ്ചായത്തുകൾ അടങ്ങിയ കുട്ടനാട് നിയോജക മണ്ഡലത്തിൽ ഒരു നീന്തൽകുളം പോലുമില്ല. നദികളും, തോടുകളും, കായലുകളും ആവശ്യത്തിലധികമുണ്ടെങ്കിലും അപകടരഹിതമായി നീന്തൽ പഠിക്കാനുള്ള സാഹചര്യങ്ങളിവിടില്ല.
അപകടകരമായ സാഹചര്യങ്ങളിൽ സ്വന്തം റിസ്കിലാണ് കുട്ടനാട്ടിലെ കുട്ടികൾ നീന്തൽ പരിശീലിക്കുന്നത്. നിലവിൽ നീന്തൽ പഠിക്കാൻ ആലപ്പുഴയിലാണ് സൗകര്യമുള്ളത്. അവിടെ പോയി നീന്തൽ പരിശീലിക്കാനാവാതെ ഇവിടത്തുകാർ ബുദ്ധിമുട്ടുകയാണ്.
സ്കൂൾ, കോളജ് തലങ്ങളിൽ ദേശീയ തലത്തിൽ വരെ നീന്തലിൽ സമ്മാനങ്ങൾ നേടുന്നുണ്ട് ഇവിടത്തുകാർ. മലിനജലം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലാണ് കുട്ടികൾ നീന്തൽ പരിശീലിക്കുന്നത്. നെടുമുടി ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപമുള്ള കുളത്തിൽ കുട്ടികൾ വർഷങ്ങളായി പരിശീലനം നടത്താറുണ്ട്. എന്നാൽ മിക്ക മാസങ്ങളിലും വെള്ളം മലിനമാകുന്നതിനാൽ ഇവിടെ സ്ഥിര പരിശീലനം അസാധ്യമാണ്.
കുട്ടനാട്ടിൽ നിന്ന് നിരവധി കായിക താരങ്ങളാണ് ദേശീയ, അന്തർദേശിയ തലത്തിൽ നീന്തലിൽ സമ്മാനങ്ങൾ നേടിയിട്ടുള്ളത്. ഒളിംപ്യൻ സെബാസ്റ്റ്യൻ സേവ്യർ കുട്ടനാട്ടുകാരനാണ്. ഇന്ത്യൻ റെയിൽവേ, സർവീസസ് തുടങ്ങിയവയെ പ്രതിനിധീകരിച്ച് നിരവധി ഇടങ്ങളിൽ കുട്ടനാട്ടിലെ നീന്തൽ താരങ്ങൾ ഇപ്പോഴും നീന്തൽ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിൽ നീന്തൽ താരങ്ങളായ പലരും കുട്ടനാട്ടിൽ നിന്ന് കേന്ദ്ര -സംസ്ഥാന സർക്കാർ സർവീസുകളിൽ ജോലി നേടിയിട്ടുമുണ്ട്.
കുട്ടനാടിന്റെ പ്രത്യേക സാഹചര്യത്തിൽ അപകടരഹിതമായി നീന്തൽ പരിശീലനം നടത്തുന്നതിന് ആധുനിക നീന്തൽകുളം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
District News
എടത്വ: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനപള്ളിയില്‍ ഭക്തനിറവില് വിശ്വാസ സാഗരമായി തിരുനാള്‍ പ്രദക്ഷിണം നടന്നു. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. വിശുദ്ധന്റെ തിരുസ്വരൂപം പുറത്തേക്കെടുത്തപ്പോള്‍ പള്ളിയിലും പരിസര പ്രദേശങ്ങളിലും നിന്ന വിശ്വാസികള്‍ തിരുസ്വരൂപം ഒരുനോക്ക് കാണാനും തളിര് വെറ്റില അര്‍പ്പിക്കാനും തിക്കും തിരക്കുംകൂട്ടി.
മൂന്നിന് പാളയംകോട്ട് രൂപത ബിഷപ്പ് എമിരിത്തൂസ് റവ: ഡോ. ജൂഡ് പോള്‍ രാജിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ തമിഴ് കുര്‍ബാനയെ തുടര്‍ന്നാണ് തിരുസ്വരൂപം പ്രദക്ഷണത്തിനായി എടുത്തത്. തിരുനാള്‍ പ്രദക്ഷിണത്തിന് ഫാ. സേവ്യര്‍ ഇലവുംമൂട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
ആദ്യം വിശുദ്ധന്റെ കൊടിയും പിന്നില്‍ നൂറ് കണക്കിന് മുത്തുക്കുടകളും വിശുദ്ധരുടെ രൂപങ്ങളും പൊന്ന്, വെള്ളി കുരിശുകളും മെഴുകുതിരികളും പ്രദക്ഷിണ വീഥിയില്‍ അണിചേര്‍ന്നു. ഏറ്റം അവസാനമായാണ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അദ്ഭുതരൂപം പുറത്തേക്ക് എഴുന്നള്ളിച്ചത്. ജാതിമത ഭേദമെന്യേ എടത്വയിലെത്തിയ വിശ്വാസികള്‍ വിശുദ്ധരൂപത്തിന് മുന്പില് നിറകണ്ണുകളോടെയാണ് തൊഴുതുനിന്നത്. "പുനിത ജോര്‍ജിയരേ എങ്കളുക്കാകൈവേണ്ടും കാത്തുകൊള്‍കേ' എന്ന പ്രാര്‍ഥന തമിഴ് മക്കളുടെ നാവില്‍ നിന്നുയര്‍ന്നു.
തമിഴ്നാട്ടിലെ കന്യാകുമാരി ചിന്നമുട്ടം തുറക്കാരാണ് തിരുനാള്‍ പ്രദക്ഷിണത്തിന് മുഖ്യനേതൃത്വം വഹിച്ചത്. പരമ്പരാഗതമായി പ്രദക്ഷിണത്തിന് രൂപങ്ങള്‍ വഹിക്കുന്നതിനുള്ള അവകാശം ഈ തുറക്കാര്‍ക്കാണ്. കഴിഞ്ഞ 27ന് കൊടിയേറ്റ് ദിനം മുതല്‍ പള്ളിയിലും പരിസര പ്രദേശങ്ങളിലുമായി ഇവര്‍ തമ്പടിച്ചു വരുകയായിരുന്നു.
പ്രദക്ഷിണത്തിന് ശേഷം ഇവര്‍ പള്ളിയില്‍ നിന്ന് അവകാശ നേര്‍ച്ചയായി വലകെട്ടുന്നതിനുള്ള തലനൂൽ, വള്ളത്തില്‍ കെട്ടാനുള്ള കൊടി, ഉപ്പ്, കുരുമുളക്, മലര് എന്നിവ വികാരി ഫാ. ജോസഫ് കളരിക്കലിന്റെ കയ്യില്‍ നിന്ന് ഏറ്റുവാങ്ങിയാണ് രാത്രിയോടെ മടങ്ങിയത്. തദ്ദേശീയരും തമിഴ്നാട്ടുകാരും മാത്രമല്ല കര്‍ണാടക, ആന്ധ്ര, മുബൈ എന്നീ സ്ഥലങ്ങളില്‍ നിന്നും നിരവധി വിശ്വാസികള്‍ എടത്വ പള്ളിയില്‍ എത്തിയിരുന്നു. ഇന്നു മുതല്‍ ഇടവക വിശ്വാസികളുടെ തിരുനാള്‍ ആരംഭിക്കും. മെയ് 14 നാണ് എട്ടാമിടം. വൈകിട്ട് നാലിന് ചെറിയരൂപം എഴുന്നള്ളിച്ചു കുരിശടിയിലേക്ക് നടക്കുന്ന പ്രദക്ഷിണത്തെ തുടര്‍ന്ന് കൊടിയിറങ്ങും. അന്ന് രാത്രി 9.30 ന് തിരുസ്വരൂപം നടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ കാലത്തിന് സമാപനമാകും.
എടത്വ പള്ളിയില്‍ ഇന്ന്
രാവിലെ 5.30 ന് ഖാലാ ദ്ശഹറാ, മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, വിശുദ്ധ കുർബാന - ഫാ. ജേക്കബ് കളരിക്കൽ. 7.15ന് സപ്രാ, മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, വിശുദ്ധ കുർബാന - ഫാ. ജോസഫ് കറുകയിൽ, 10ന് മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, വിശുദ്ധ കുർബാന - ഫാ. സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ. നാലിന് മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, വിശുദ്ധ കുർബാന - ഫാ. ജെയിംസ് കുന്നിൽ. 5.30ന് മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, വിശുദ്ധ കുർബാന - ഫാ. ജേക്കബ് വട്ടയ്ക്കാട്ട്. ഏഴിന് മധ്യസ്ഥപ്രാർഥന (കുരിശടിയിൽ) 7.30 ന് വിശുദ്ധ കുർബാന.
District News
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷൻ കൈയേറി തെരുവുനായകൾ. റെയിൽവേ സ്റ്റേഷനിലേക്ക് എത്തുമ്പോൾ ട്രെയിൻ വൈകുമോയെന്ന ആശങ്കയേക്കാൾ നായ കടിക്കുമോ എന്ന ഭയമാണ് യാത്രക്കാരെ അലട്ടുന്നത്. തെരുവുനായ്ക്കൾ പെരുകിയതിനാൽ യാത്രക്കാരെ ഇവ ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടാകുന്നുണ്ട്. ബൈക്കുകൾക്ക് പിറകേ തെരുവുനായകൾ ഓടുന്നതുമൂലം അപകടങ്ങളുമുണ്ടാകുന്നുണ്ട്.
റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വരെ നായകൾ വിലസുകയാണ്. യാത്രക്കാർക്കും ട്രെയിനിനു നേരേയും പാഞ്ഞടുക്കുന്ന പത്തിലധികം നായ്ക്കൾ സ്റ്റേഷനിൽ സ്ഥിരമായുണ്ട്. മുമ്പ് വിദേശവനിതയെ റെയിൽവേ സ്റ്റേഷനിൽവച്ച് നായ കടിച്ചെങ്കിലും ഇതുവരെ ഇതിനെതിരേ തുടർനടപടകിളൊന്നുമുണ്ടായിട്ടില്ല. റെയിൽവേ സ്റ്റേഷനിലെ രണ്ടു പ്ലാറ്റ്ഫോമുകളിലായി നായശല്യം രൂക്ഷമാണ്.
പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ അടുക്കുമ്പോഴുള്ള ഹോണടി ശബ്ദമാണ് നായ്ക്കളെ പരിഭ്രാന്തരാക്കുന്നത്. പ്ലാറ്റ്ഫോമിലേക്ക് അടുക്കുമ്പോൾ ട്രെയിനിനു പിറകെ നായ്ക്കൾ കുരച്ചുകൊണ്ട് ഓടും. ഇതുമൂലം ട്രെയിനിൽനിന്ന് യാത്രക്കാർക്ക് ഇറങ്ങാനും ഭയമാണ്. രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ ലിഫ്റ്റ് ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ എസ്കലേറ്റർ എന്നിവിടങ്ങളെല്ലാം നായ്ക്കളുടെ താവളമാണ്. നായ്ക്കളുടെ ശല്യം മൂലം സ്റ്റേഷനിലെ വിവിധ ജീവനക്കാരും ഭയന്നാണ് പുറത്തിറങ്ങുന്നത്.
ട്രെയിൻ കാത്തിരിക്കാൻ ഭയം
കുട്ടികളുമായി സ്റ്റേഷനിൽ വരുന്നവർക്കാണ് ഏറ്റവും കൂടുതൽ ആശങ്ക. ട്രെയിൻ വൈകിയാൽ അത്രയും സമയം കുട്ടികൾ പ്ലാറ്റ്ഫോമിൽ ഓടിക്കളിക്കും. ഇവർക്കു നേരേ നായ്ക്കൾ എത്തുമോയെന്ന ഭയം രക്ഷാകർത്താക്കൾക്കുണ്ട്. രാത്രികാലങ്ങളിൽ സ്റ്റേഷനിൽ ഇരുന്നു മയങ്ങാനും യാത്രക്കാർക്ക് ഭയമാണ്. ബാഗുകൾ നായ്ക്കൾ കടിച്ചുകീറുമോ എന്ന പേടിയാണ് പലർക്കും. കഴിഞ്ഞ ദിവസം ട്രെയിനിൽ തെരുവുനായ കയറി യാത്ര ചെയ്ത സംഭവത്തോടെ യാത്രക്കാർക്ക് ആശങ്ക ഇരച്ചിട്ടുണ്ട്.
നായ്ക്കളെക്കൊണ്ട് വലിയ പ്രശ്നമാണ്. വൈകിട്ട് ജോലി കഴിഞ്ഞെത്തുന്പോൾ പ്ലാറ്റ്ഫോമിലേക്കു കയറാൻതന്നെ ഭയമാണ്. ചിലപ്പോൾ ശാന്തരായിരിക്കുന്ന നായ്ക്കൾ പെട്ടന്നാണ് അക്രമാസക്തരാകുന്നത്. റെയിൽവേ സ്റ്റേഷനിൽനിന്ന് ഇവയെ ഒഴിപ്പിക്കണം.
മായ, യാത്രക്കാരി
District News
മുഹമ്മ: പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ മുഹമ്മ പഞ്ചായത്തിലെ കൂബ്ലിക്കാട് ബോട്ടുജെട്ടി ശാപമോക്ഷം തേടുന്നു. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കു പോകാൻ യാത്രക്കാർ ആശ്രയിച്ചിരുന്ന ബോട്ടുജെട്ടി ഇന്ന് അവഗണനയിലാണ്. വിനോദ സഞ്ചാരികളുമായി എത്തുന്ന ജലയാനങ്ങളാണ് ഇപ്പോൾ ബോട്ടുജെട്ടിയെ ആശ്രയിക്കുന്നത്.
ബോട്ടുജെട്ടിക്ക് വിളിപ്പാട് അകലെയാണ് പാതിരാമണൽ ദ്വീപ്. മുഹമ്മ ബോട്ടുകെട്ടിയിൽനിന്നും കായിപ്പുറം ബോട്ടുജെട്ടിയിൽനിന്നും പാതിരാമണൽ ദ്വീപിലേക്ക് എപ്പോഴും ജലയാനങ്ങൾ കിട്ടും. നിരവധി സഞ്ചാരികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു. കായിപ്പുറം ബോട്ടുജെട്ടിയിൽനിന്ന് ദ്വീപിലേക്ക് എത്തിച്ചേരുന്നതിനു വേണ്ടി വരുന്ന സമയം മതി കുബ്ലിക്കാട് ബോട്ടുജെട്ടിയിൽനിന്നു ദ്വീപിലേക്ക് എത്താൻ. എന്നാൽ, ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ നടപടിയില്ല.
തണ്ണിർമുക്കം, പുത്തൻകായൽ, കുമരകം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും കൂബ്ലിക്കാട് ബോട്ടുജെട്ടിയിൽനിന്ന് ജലയാനങ്ങൾ ഓപ്പറേറ്റ് ചെയ്യാവുന്നതാണ്. ഹൗസ് ബോട്ടുകൾക്കു സൗകര്യപ്രദമായി തങ്ങാൻ ബോട്ടുജെട്ടിയോടു ചേർന്ന് സൗകര്യമുണ്ട്. അധികാരികൾ മനസുവച്ചാൽ ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രമായി കുബ്ലിക്കാട് മേഖലയെ മാറ്റാൻ കഴിയും. വിനോദസഞ്ചാരികൾ വേമ്പനാട്ട് കായലിന്റെ പടിഞ്ഞാറൻ തീരപ്രദേശത്ത് എത്തിച്ചേരാൻ ഉപയോഗിക്കുന്ന ബോട്ട്ജെട്ടിയാണിത്. ഒട്ടേറെ വിനോദസഞ്ചാരികൾ ബോട്ടുജെട്ടിയിൽ അടുത്ത് നാട്ടിൻപുറത്തെ ഭക്ഷണവിഭവങ്ങൾ ആസ്വദിച്ച് മടങ്ങാറുണ്ട്.
കായലിന്റെ കിഴക്കൻ പ്രദേശത്തുനിന്ന് ഇക്കരയിലേക്കു സ്വദേശികളും വിദേശികളുമായ നിരവധി പേർ എത്തിച്ചേരുന്നത് ഈ ജെട്ടി മുഖേനയാണ്. ജെട്ടിയുടെ പുനരുദ്ധാരണത്തിന് പഞ്ചായത്ത് . മുഖേന വികസന പദ്ധതി നടപ്പാക്കുമെന്ന് പഞ്ചായത്തംഗം വി.എം. സുഗന്ധി പറഞ്ഞു.
District News
ആലപ്പുഴ: ബീച്ച് സെന്റ് സേവ്യേഴ്സ് കാർമൽ ആശ്രമദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും തിരുക്കുടുംബത്തിന്റെയും കേരളീയ വിശുദ്ധരുടെയും സംയുക്ത തിരുനാൾ ആരംഭിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3.45ന് ജപമാല, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന - ഫാ. ജോയി പുത്തൻവീട്ടിൽ. നാളെ രാവിലെ 6.15ന് തിരുക്കുടുംബ തിരുനാൾ. ജപമാല, പ്രഭാതപ്രാർഥന, വിശുദ്ധ കുർബാന, വചന സന്ദേശം- ഫാ. ജോസഫ് മുണ്ടുവേലിൽ. പത്തിന് രാവിലെ 6.15ന് ജപമാല, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന- ഫാ. സുബിൻ കോട്ടൂർ സിഎംഐ. 11ന് രാവിലെ 6.15ന് ജപമാല, പ്രഭാതപ്രാർഥന, വിശുദ്ധ കുർബാന, കൊടിയിറക്ക്- ഫാ. ജോസ് കൊല്ലംപറമ്പിൽ സിഎംഐ.
District News
ആലപ്പുഴ: പുന്നമട സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെ തിരുനാളിന് ഇന്നലെ വൈകുന്നേരം അഞ്ചിന് പള്ളി വികാരി ഫാ. ജോസഫ് പുത്തൻപറമ്പിൽ കൊടിയേറ്റി. തുടർന്നു നടന്ന നൊവേനയ്ക്കും വിശുദ്ധ കുർബാനയ്ക്കും ഫാ. അഭിലാഷ് നാലുതെങ്ങുങ്കൽ കാർമികത്വം വഹിച്ചു.
ഇന്നു വൈകുന്നേരം അഞ്ചിന് നൊവേന, വിശുദ്ധ കുർബാന. തുടർന്ന് സെമിത്തേരി സന്ദർശനം, മരിച്ചവർക്കു വേണ്ടിയുള്ള പ്രാർഥന. നാളെ രാവിലെ ഏഴിന് കുട്ടികളുടെ ആദ്യകുർബാന സ്വീകരണത്തിന് ഫാ. തോമസ് താന്നിയത്ത് കാർമികത്വം വഹിക്കും. വൈകുന്നേരം 5.30ന് ആഘോഷമായ റംശ, നഗരപ്രദക്ഷിണം. 10ന് പ്രധാന തിരുനാൾ. രാവിലെ 9.15ന് റാസ കുർബാന - ഫാ. ജോസഫ് പുത്തൻപറമ്പിൽ. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. -ഫാ. ജോസഫ് പുതുവീട്, കൊടിയിറക്ക്, സ്നേഹവിരുന്ന്.
പള്ളിക്കൂട്ടുമ്മ പള്ളിയിൽ തിരുനാൾ
മങ്കൊമ്പ്: പള്ളിക്കൂട്ടുമ്മ ഫാത്തിമാമാതാ പള്ളിയിൽ ഇടവകമധ്യസ്ഥയുടെ തിരുനാൾ ഇന്നു മുതൽ 10 വരെ നടക്കും. തിരുനാളിനൊരുക്കമായുള്ള മധ്യസ്ഥപ്രാർഥനയ്ക്കു തുടക്കമായി. പ്രാരംഭദിനമായ ഇന്നു വൈകുന്നേരം 4.30ന് ജപമാല, കൊടിയേറ്റ്, ലദീഞ്ഞ്. വികാരി ഫാ. ബിജു കണ്ണാടിപ്പാറ, വിശുദ്ധ കുർബാന, വചനസന്ദേശം ഫാ. ജെറിൻ ചൂരപ്പൊയ്കയിൽ, തുടർന്ന് സിമിത്തേരി സന്ദർശനം, മരിച്ചവർക്കുവേണ്ടിയുള്ള തിരുക്കർമങ്ങൾ.
നാളെ വൈകുന്നേരം നാലിന് വിശുദ്ധ കുർ
ബാന, വചനസന്ദേശം ഫാ. ജോസഫ് പാറത്താനം, ആറിന് ദിവ്യകാരുണ്യപ്രദക്ഷിണം, ഫാ. മാത്യു പള്ളിക്കളം, പ്രദക്ഷിണം - ഫാ. സെബാസ്റ്റ്യൻ മാമ്പറ. തുടർന്ന് ആകാശവിസ്മയം. പ്രധാന തിരുനാൾദിനമായ 10ന് രാവിലെ 6.45ന് വിശുദ്ധ കുർബാന, ഖുഥാപ്രാർഥന, 9.45ന് ആഘോഷമായ തിരുനാൾ കുർബാന -ഫാ. ജേക്കബ് കളത്തിവീട്ടിൽ. തിരുനാൾസന്ദേശം- ഫാ. മാത്യു ചൂരവടി. തിരുനാൾ പ്രദക്ഷിണം - ഫാ. ജോസഫ് പാറയ്ക്കൽ. കൊടിയിറക്ക്.